മുന്നാക്ക സമുദായത്തിന് 10 ശതമാനം നല്‍കുന്നത് തുടരും, സംവരണത്തെ വൈകാരിക പ്രശ്നമാക്കി ഭിന്നിപ്പിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

മുന്നാക്ക സമുദായത്തിന് 10 ശതമാനം നല്‍കുന്നത് തുടരും, സംവരണത്തെ വൈകാരിക പ്രശ്നമാക്കി ഭിന്നിപ്പിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക സംവരണം അതേപടി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംവരണേതര വിഭാഗത്തില്‍ ഒരു വിഭാഗം പരമദരിദ്രരാണ്. അവര്‍ക്ക് ഒരു സംവരണ ആനുകൂല്യവും ലഭിക്കുന്നില്ല. ഇതാണ് പത്ത് ശതമാനം സവരണമെന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത്. 50 ശതമാനം സംവരണം പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നിലനില്‍ക്കുന്നുണ്ട്. പൊതുവിഭാഗത്തിലെ പാവപ്പെട്ട പത്ത് ശതമാനത്തിന് കൂടി പ്രത്യേക പരിഗണന നല്‍കുന്നത് കൈത്താങ്ങാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

50 ശതമാനത്തിന് ലഭിക്കുന്ന സംവരണം തുടരുന്നതിനാല്‍ ഈ പത്ത് ശതമാനം സംവരണം അവരോടുള്ള വിരുദ്ധ നിലപാടായി മാറുന്നില്ല. സംവരണ സംവരണേതര വിഭാഗങ്ങളുടെ സംഘര്‍ഷമല്ല, ഒരുമിച്ച് നിന്ന് സാമൂഹിക സാമ്പത്തിക അവശതകള്‍ക്കെതിരെയുള്ള പൊതുവായ സമരനിരയാണ് രാജ്യത്ത് ഉയരേണ്ടത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംവരണത്തെ വൈകാരിക പ്രശ്നമായി വളര്‍ത്തി ജനത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ പ്രശ്നത്തെ മറച്ച് വെക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താനുള്ള സര്‍വേ ഇന്ന് ആരംഭിക്കും. ഓരോ വാര്‍ഡിലെയും അഞ്ച് കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള സാമ്പിള്‍ സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. 164 സമുദായങ്ങളാണ് മുന്നാക്ക സമുദായത്തില്‍പ്പെടുന്നത്. 4 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമാണ് സംവരണാനുകൂല്യത്തിനുള്ള മാനദണ്ഡം.

The Cue
www.thecue.in