ചായക്കട നടത്തി ലോകം ചുറ്റിയ സഞ്ചാരി; വിജയന്‍ അന്തരിച്ചു

ചായക്കട നടത്തി ലോകം ചുറ്റിയ സഞ്ചാരി; വിജയന്‍ അന്തരിച്ചു

ചായക്കട നടത്തി ലഭിക്കുന്ന വരുമാനത്തില്‍ ലോകസഞ്ചാരം നടത്തിയിരുന്ന വിജയന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

പതിനാറ് വര്‍ഷത്തിനിടെ ഭാര്യ മോഹനയ്‌ക്കൊപ്പം 26 രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. കൊച്ചിയില്‍ ശ്രീബാലാജി കോഫി ഹൗസ് എന്ന പേരില്‍ നടത്തിയിരുന്ന ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് യാത്രകള്‍ നടത്തുന്ന ദമ്പതികള്‍ വാര്‍ത്തകളിലും ഇടം പിടിച്ചിരുന്നു. ഇവരുടെ യാത്രകളെ കുറിച്ച് നിരവധി ഫീച്ചറുകളും വാര്‍ത്തകളും വന്നിട്ടുണ്ട്.

ചായക്കടയിലെ ചെറിയ വരുമാനത്തില്‍ നിന്ന് ദിവസവും 300 രൂപ മാറ്റിവെച്ചായിരുന്നു യാത്രക്കായുള്ള ചെലവ് കണ്ടെത്തിയിരുന്നത്. കൊവിഡ് ലോക്ക്ഡൗണിന് ശേഷം റഷ്യയിലേക്കായിരുന്നു ഇവരുടെ അവസാന യാത്ര. റഷ്യന്‍ യാത്ര കഴിഞ്ഞ് മടങ്ങി അധികം ദിവസമാകും മുമ്പാണ് മരണം വിജയനെ തേടിയെത്തിയത്.

2007ലായിരുന്നു ആദ്യവിദേശ യാത്ര. ഈജിപ്തിലായിരുന്നു ആദ്യ സന്ദര്‍ശനം. പിതാവിനൊപ്പം ചെറുപ്പത്തില്‍ നടത്തിയിട്ടുള്ള യാത്രകളായിരുന്നു വിജയന് പ്രചോദനമായത്. രാജ്യത്തിന്റെ പലഭാഗങ്ങളിലേക്കായിരുന്നു ആദ്യ യാത്രകള്‍. 1988ല്‍ ഹിമാലയന്‍ സന്ദര്‍ശം. 2007ന് ശേഷം, അമേരിക്ക, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങള്‍ വിജയനും മോഹനയും ചേര്‍ന്ന് സന്ദര്‍ശിച്ചു.

The Cue
www.thecue.in