'സമൂഹമാധ്യമങ്ങള്‍ നിരോധിക്കണം', അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി

'സമൂഹമാധ്യമങ്ങള്‍ നിരോധിക്കണം', അരാജകത്വം  സൃഷ്ടിക്കുന്നുവെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി

സമൂഹമാധ്യമങ്ങള്‍ നിരോധിക്കണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തി. സമൂഹമാധ്യമങ്ങള്‍ അരാജകത്വം സൃഷ്ടിക്കുന്നു, എല്ലാവരുടെയും പ്രതിച്ഛായയ്ക്കും, ദേശീയ സുരക്ഷയ്ക്കും, ദേശീയ താല്‍പര്യങ്ങള്‍ക്കും അപകടമുണ്ടാക്കുന്നതിനാല്‍ സമൂഹമാധ്യമങ്ങള്‍ പൂര്‍ണായി നിരോധിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ദേശീയ മാധ്യമദിനത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.

മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ അശാന്തി പടര്‍ത്തുന്നതില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു ഗുരുമൂര്‍ത്തിയുടെ വിമര്‍ശനം. ഇന്ത്യയില്‍ സുപ്രീംകോടതി പോലും സമൂഹമാധ്യമങ്ങളുടെ ഇടപെടലില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ ഗുരുമൂര്‍ത്തി, അവയെ നിരോധിക്കേണ്ടി വന്നേക്കാമെന്നും പറഞ്ഞു.

ചിട്ടയായ രീതിയില്‍ മുന്നോട്ട് പോകുന്ന ഒരു സമൂഹത്തില്‍ സോഷ്യല്‍ മീഡിയ തടസങ്ങള്‍ സൃഷ്ടിക്കുന്നു. സമൂഹമാധ്യമങ്ങള്‍ നിരോധിക്കുന്നത് അല്‍പം പ്രയാസമേറിയതായി തോന്നാം. ഫെയ്‌സ്ബുക്ക് ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ലേ, ഇത്തരം അരാജകത്വങ്ങള്‍ നിരോധിക്കപ്പെടണമെന്നാണ് തന്റെ വിശ്വാസം. അരാജകത്വത്തെ പോലും നിങ്ങള്‍ക്ക് വാഴ്ത്താന്‍ കഴിയും. എന്നാല്‍ ചിട്ടയായ സമൂഹത്തെ സൃഷ്ടിക്കുന്നത് അങ്ങനെയല്ലെന്നും ഗുരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമങ്ങള്‍ നിരോധിക്കേണ്ടതില്ലെന്ന അഭിപ്രായവും ചിലര്‍ സെമിനാറില്‍ പങ്കുവെച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങളുടെയും, തെറ്റായ വിവരങ്ങളുടെയും വ്യാപനം തടയാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെങ്കിലും, സമൂഹമാധ്യമങ്ങളുടെ സമ്പൂര്‍ണ നിരോധനം ഉചിതമായ നടപടിയല്ലെന്നാണ് ഇവര്‍ പ്രതികരിച്ചത്.

ഓരോ കാലഘട്ടവും ആശയവിനിമയങ്ങള്‍ക്ക് അതിന്റേതായ രീതികള്‍ സൃഷ്ടിക്കുന്നുണ്ട്. സമയം, ചെലവ്, ഫലപ്രാപ്തി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതാണെന്ന് പ്രസ് കൗണ്‍സില്‍ അംഗമായ ഗുര്‍ബീര്‍ സിങ് പറഞ്ഞു

The Cue
www.thecue.in