ഡല്‍ഹി വായുമലിനീകരണം: 'കര്‍ഷകരെ കുറ്റപ്പെടുത്തുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരിക്കുന്നവര്‍', വിമര്‍ശിച്ച് സുപ്രീംകോടതി

ഡല്‍ഹി വായുമലിനീകരണം: 'കര്‍ഷകരെ കുറ്റപ്പെടുത്തുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരിക്കുന്നവര്‍', വിമര്‍ശിച്ച് സുപ്രീംകോടതി

ഡല്‍ഹി വായുമലിനീകരണത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് സുപ്രീംകോടതി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്ന് കര്‍ഷകരെ കുറ്റപ്പെടുത്തുന്നവര്‍, യഥാര്‍ത്ഥ പ്രശ്‌നം അവഗണിക്കുകയാണെന്ന് കോടതി പറഞ്ഞു. മലിനീകരണം തടയുന്നതിനായെടുത്ത തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.

നിരോധനം ഉണ്ടായിട്ടും, പടക്കങ്ങള്‍ പൊട്ടിച്ചുവെന്ന വസ്തുത അവഗണിക്കുകയാണ്. സര്‍ക്കാരുകള്‍ക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരിക്കണം. ജുഡീഷ്യല്‍ ഉത്തരവിലൂടെ എല്ലാം ചെയ്യാന്‍ കഴിയില്ല. ദീപാവലിയോടനുബന്ധിച്ച് പത്ത് ദിവസത്തോളം പടക്കങ്ങള്‍ പൊട്ടിക്കാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ചോദിച്ചു.

ഡല്‍ഹിയില്‍ രൂക്ഷമായ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം. വായുമലിനീകരണത്തിന് പ്രധാന കാരണം അയല്‍സംസ്ഥാനങ്ങളിലെ വൈക്കോല്‍ കത്തിക്കലാണെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചത്. വൈക്കോല്‍ കത്തിക്കുന്നത് തടയലാണ് മലിനീകരണം തടയാനുള്ള വഴി. ഇതിനായി ശാസ്ത്രീയ മാര്‍ഗങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി ഇതിനോട് വിയോജിക്കുകയായിരുന്നു. കര്‍ഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും കോടതി പറഞ്ഞു.

വര്‍ക്ക് ഫ്രം ഹോമിനെ എന്തുകൊണ്ടാണ് കേന്ദ്രം എതിര്‍ക്കുന്നതെന്നും കോടതി ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനാകില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നത് രാജ്യവ്യാപകമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ക്ക് ഫ്രം ഹോമിന് പകരം കാര്‍ പൂളിങ് നടത്താന്‍ ജീവനക്കാരോട് നിര്‍ദേശിച്ചതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

The Cue
www.thecue.in