പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങി; പ്രവേശനം ലഭിക്കാതെ അരലക്ഷം വിദ്യാര്‍ത്ഥികള്‍ പുറത്ത്

പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങി; പ്രവേശനം ലഭിക്കാതെ അരലക്ഷം വിദ്യാര്‍ത്ഥികള്‍ പുറത്ത്

സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ അര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പുറത്തെന്ന് കണക്കുകള്‍. പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും പ്രവേശനം ലഭിച്ചില്ലെന്നാണ് കണക്കുകള്‍.

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്കും സീറ്റില്ലാത്തത്. മലപ്പുറം ( 14,460) കോഴിക്കോട് (6660) പാലക്കാട് (6384) വിദ്യാര്‍ത്ഥികളാണ് സീറ്റ് കിട്ടാതെ പുറത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനം സാധ്യമാകണമെങ്കില്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ അധിക ബാച്ചുകള്‍ അനുവദിക്കേണ്ടി വരും.

പുതിയ പ്ലസ് വണ്‍ ബാച്ചുകളുടെ കാര്യത്തില്‍ ഈ മാസം 23 ന് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മുഴുവന്‍ പേര്‍ക്കും പ്രവേശനം ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 51,600 കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നിയസഭയില്‍ പറഞ്ഞിരുന്നു. ഇതില്‍ 618 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരാണെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞിരുന്നു.

The Cue
www.thecue.in