'ഞാനൊരു നല്ല പ്രാസംഗികനല്ല', ഇംഗ്ലീഷ് പഠിച്ചത് എട്ടാം ക്ലാസ് മുതലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

'ഞാനൊരു നല്ല പ്രാസംഗികനല്ല', ഇംഗ്ലീഷ് പഠിച്ചത് എട്ടാം ക്ലാസ് മുതലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ

ഒരു പരിഷ്‌കൃത പ്രാസംഗികനല്ല താന്‍ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. താന്‍ ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയത് എട്ടാംക്ലാസ് മുതലാണെന്നും ആശയം പ്രകടിപ്പിക്കാന്‍ നല്ല ഇംഗ്ലീഷ് ഇല്ലാത്തത് തന്റെ പോരായ്മയായി കണക്കാക്കുന്നുവെന്നും രമണ പറഞ്ഞു.

ഡല്‍ഹിയിലെ വായുമലിനീകരണം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നത്.

ഡല്‍ഹിയിലെ വായുമലിനീകരണത്തിന് കാരണം കര്‍ഷകര്‍ മാത്രമാണ് കാരണം എന്നല്ല താന്‍ പറയാന്‍ ഉദ്ദേശിച്ചതെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പ്രതികരണത്തിന് പിന്നാലെയാണ് ഇംഗ്ലീഷ് പരിജ്ഞാനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയായത്. വായുമലിനീകരണത്തിന് കര്‍ഷകരെ മാത്രം കുറ്റം പറയരുതെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

'നിര്‍ഭാഗ്യവശാല്‍ ഞാനൊരു നല്ല പ്രാസംഗികനല്ല. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഞാന്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയത്. അതുകൊണ്ട് തന്നെ ഭാഷ ഒരു പോരായ്മയായി നിലനില്‍ക്കുന്നുണ്ട്. പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പറയാന്‍ നല്ല ഇംഗ്ലീഷ് കയ്യില്‍ ഇല്ല,' ചീഫ് ജസ്റ്റിസ് പറഞ്ഞു.

താനും എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഇംഗ്ലീഷ് പഠിച്ചത്. അതുവരെ ഗുജറാത്തി മീഡിയം സ്‌കൂളിലായിരുന്നുവെന്ന് ഇതിന് മറുപടിയായി തുഷാര്‍ മേത്തയും പറഞ്ഞു. ഭാഷ ശരിയല്ലാതെ ഉപയോഗിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ തെറ്റായ സന്ദേശമായാണ് ആളുകള്‍ക്ക് ലഭിക്കുകയെന്നും തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി നടപ്പാക്കണമെന്നും കോടതി വ്യക്തമാതക്കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.

The Cue
www.thecue.in