മാപ്പ് പറയുന്നത് വരെ മുടി വെട്ടില്ല; ഇടുക്കി ഡിസിസി പ്രസിഡന്റിന് ബാര്‍ബര്‍മാരുടെ വിലക്ക്

മാപ്പ് പറയുന്നത് വരെ മുടി വെട്ടില്ല; ഇടുക്കി ഡിസിസി പ്രസിഡന്റിന് ബാര്‍ബര്‍മാരുടെ വിലക്ക്

ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന് ബാര്‍ബര്‍മാരുടെ വിലക്ക്. ബാര്‍ബര്‍മാരെ അവഹേളിച്ച ഡിസിസി പ്രസിഡന്റ് മാപ്പുപറയുന്നത് വരെ മുടിവെട്ടില്ലെന്ന് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി അറിയിച്ചു.

'ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല' എന്ന സി.പി.മാത്യുവിന്റെ പരാമര്‍ശമാണ് വിവാദമായത്. വണ്ടിപ്പെരിയാറില്‍ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരത്തിനിടെയായിരുന്നു പരാമര്‍ശം. ഇതിന് പിന്നാലെയാണ് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ മാത്യുവിനെതിരെ രംഗത്തെത്തിയത്. തങ്ങളുടെ തൊഴിലിനെ അവഹേളിക്കുന്നതായിരുന്നു പരാമര്‍ശമെന്നാണ് ആരോപണം.

തങ്ങളുടെ ജോലിയെ മോശമായാണ് സി.പി.മാത്യു ചിത്രീകരിച്ചത്. എപ്പോഴായാലും എല്ലാവരും മുടിവെട്ടാനും താടി വെട്ടാനുമൊക്കെയായി തങ്ങളുടെ അടുത്ത് വരുമെന്നും ബാര്‍ബര്‍മാര്‍ പറഞ്ഞു. പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നും ബാര്‍ബര്‍മാര്‍ പറയുന്നു. ആരോപണത്തില്‍ ഇതുവരെ സി.പി.മാത്യു പ്രതികരിച്ചിട്ടില്ല.

The Cue
www.thecue.in