കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം; പാലക്കാട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും

കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം; പാലക്കാട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും

ഇന്ധനവില കുറക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന ചക്രസ്തംഭന സമരത്തിനിടെ സംഘര്‍ഷം. പാലക്കാട് സുല്‍ത്താന്‍പേട്ട് ജംഗ്ഷനിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. വി.കെ.ശ്രീകണ്ഠന്‍ ഉള്‍പ്പെടയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതായിരുന്നു സംഘര്‍ഷത്തിലേക്ക് നയിച്ചത്.

നാല് റോഡുകള്‍ ചേരുന്ന സുല്‍ത്താന്‍പേട്ട് ജംഗ്ഷനില്‍ ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യാനാകില്ലെന്ന് പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറിയിച്ചു. എന്നാല്‍ തങ്ങള്‍ നിശ്ചയിച്ച സ്ഥലം ഇതാണെന്നും, സമരം നടത്തുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.

വി.കെ.ശ്രീകണ്ഠന്‍ എം.പി, രമ്യ ഹരിദാസ് എം.പി തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കാന്‍ പാലക്കാട് എത്തിയിരുന്നു. നേതാക്കളും പൊലീസും ചര്‍ച്ച നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ പൊലീസ് വലയം ഭേദിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.

തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു ചക്രസ്തംഭന സമരം നടന്നത്. സമരം ഗതാഗതകുരുക്കിന് ഇടയാക്കരുതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കെ.പി.സി.സി നേതൃത്വം ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

The Cue
www.thecue.in