വി.എം.കുട്ടി അന്തരിച്ചു; മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരന്‍

വി.എം.കുട്ടി അന്തരിച്ചു; മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരന്‍

മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം.കുട്ടി(86) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ വി.എം.കുട്ടി, മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനാണ്. ഗായകനും ഗാനരചയിതാവും സംഗീതകാരനുമായ അദ്ദേഹത്തിന്, സംഗീത നാടക അക്കാദമി പുരസ്‌കം ഉള്‍പ്പടെ ലഭിച്ചിട്ടുണ്ട്.

1935 ഏപ്രില്‍ 16നായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനും അധ്യാപക പരിശീലന കോഴ്‌സിനും ശേഷം അധ്യാപകനായി ജോലി ചെയ്തു. പിന്നീട് സ്വയം വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമായി. 1954 ല്‍ കോഴിക്കോട് ആകാശവാണിയില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ് ഈ രംഗത്ത് വി.എം.കുട്ടി ചുവടുറപ്പിക്കുന്നത്. 1957 മുതല്‍ സ്വന്തമായി ഗായകസംഘമുള്ള അദ്ദേഹം ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1987ല്‍ കവരത്തി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്കു മുന്നില്‍ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ച് ശ്രദ്ധനേടി.

ഏഴ് സിനിമകളില്‍ പാടിയിട്ടുണ്ട്. ഉല്‍പ്പത്തി, പതിനാലാംരാവ്, പരദേശി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. മാര്‍ക് ആന്റണി എന്ന ചിത്രത്തിനായി അദ്ദേഹം ഗാനരചന നിര്‍വഹിച്ചു. മാപ്പിളപ്പാട്ടിന്റെ ലോകം, ബഷീര്‍ മാല, ഭക്തിഗീതങ്ങള്‍, മാനവമൈത്രി ഗാനങ്ങള്‍, കുരുതിക്കുഞ്ഞ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

Related Stories

No stories found.