ശബരിമല, പൗരത്വ ഭേദഗതി സമരങ്ങള്‍; ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല, പൗരത്വ ഭേദഗതി സമരങ്ങള്‍; ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല യുവതിപ്രവേശന വിഷയത്തിലും, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതിനെ തുടര്‍ന്നും സംസ്ഥാനത്തുണ്ടായ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍, ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയവെ മുഖ്യമന്ത്രി പറഞ്ഞു.

'രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ തല്‍സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന പൊലീസ് മേധാവി, ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസുകളുടെ നിലവിലുള്ള സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി ക്രൈം ബ്രാഞ്ച് ഐ.ജിയും സ്പെഷ്യല്‍ സെല്‍, എസ്.സി.ആര്‍.ബി. വിഭാഗങ്ങളുടെ പൊലീസ് സൂപ്രണ്ടുമാരും ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിക്ക് പോലീസ് മേധാവി രൂപം നല്‍കിയിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്കായ വിവരങ്ങള്‍ ക്രോഡീകരിച്ച് അവ പരിശോധിക്കുന്ന ചുമതലയും ഈ കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്', മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓരോ കേസും പ്രത്യേകം പരിശോധിച്ചശേഷം ക്രിമിനല്‍ നിയമസംഹിതയിലെ 321-ാം വകുപ്പ് പ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസുകള്‍ പിന്‍വലിക്കാന്‍ കഴിയുക. കേസുകള്‍ പിന്‍വലിക്കുന്നതിന് അനുമതി നല്‍കേണ്ടത് കോടതികളാണ്. കോടതിയുടെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പരിമിതിയുണ്ട്. എന്നിരുന്നാലും സര്‍ക്കാര്‍ തലത്തിലുള്ള നടപടിക്രമങ്ങള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 836 കേസുകളില്‍ 13 കേസുകള്‍ മാത്രമാണ് ഇതുവരെ പിന്‍വലിച്ചതെന്നായിരുന്നു നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത്. ശബരിമല വിഷയത്തില്‍ 2636 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രിമിനല്‍ കേസുകളും അക്രമങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കേണ്ടതില്ല. മറ്റ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
The Cue
www.thecue.in