'അദാനിയുടെ കരാര്‍ ലംഘനത്തെ സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുന്നു'; പത്ത് വര്‍ഷം കഴിഞ്ഞാലും പദ്ധതി പൂര്‍ത്തിയാകില്ലെന്ന് വി.ഡി.സതീശന്‍

'അദാനിയുടെ കരാര്‍ ലംഘനത്തെ സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുന്നു'; പത്ത് വര്‍ഷം കഴിഞ്ഞാലും പദ്ധതി പൂര്‍ത്തിയാകില്ലെന്ന് വി.ഡി.സതീശന്‍

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അദാനി ഗ്രൂപ്പിന്റെ നിയമലംഘനത്തെ സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തുറമുഖ നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം അദാനിക്ക് വിട്ടുനല്‍കിയ സര്‍ക്കാര്‍ നോക്കുകുത്തിയായി മാറി നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം വിന്‍സെന്റ് എം.എല്‍.എ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമുതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കവെയായിരുന്നു വി.ഡി.സതീശന്റെ പ്രസ്താവന.

കേരളത്തിന്റെ സ്വപ്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയമപോരാട്ടം നടത്തിയാണ് പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും വാങ്ങിയെടുത്തത്. 2015 ല്‍ നിര്‍മ്മാണം ആരംഭിച്ച പദ്ധതി 2019 ഡിസംബര്‍ മൂന്നിന് പൂര്‍ത്തിയാക്കുമെന്നാണ് കരാറില്‍ വ്യക്തമാക്കിയിരുന്നത്. എന്നാലിപ്പോള്‍ 2023 ല്‍ മാത്രമെ പദ്ധതി പൂര്‍ത്തിയാക്കാനാകൂവെന്നാണ് കാരാര്‍ ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ഇപ്പോള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കരാര്‍ ലംഘനത്തിന് അദാനിയില്‍ നിന്നും പ്രതിദിനം 12 ലക്ഷം രൂപ വീതം പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും സര്‍ക്കാര്‍ അതിനു തയാറായിട്ടില്ല. നാലു വര്‍ഷത്തോളം പദ്ധതി വൈകിയതിനു കാരണം മഴിയും കാറ്റും കൊവിഡുമാണെന്നു പറയുന്ന മന്ത്രി കരാര്‍ ലംഘനത്തെ നിസാരവല്‍ക്കരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'75 ലക്ഷം ടണ്‍ പാറ ഉപയോഗിക്കേണ്ട സ്ഥാനത്ത് 13 ലക്ഷം ടണ്‍ മാത്രമാണ് ഉപയോഗിച്ചതെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അഞ്ചിലൊന്നു നിര്‍മ്മാണം മാത്രമെ പൂര്‍ത്തീകരിച്ചിട്ടുള്ളൂവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. പുലിമുട്ട് നിമ്മാണവും പൂര്‍ത്തിയാക്കിയിട്ടില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 90 ശതമാനം ഭൂമിയും ഏറ്റെടുത്ത് നല്‍കിയിരുന്നു. ബാക്കി ഭൂമി ഈ സര്‍ക്കാര്‍ ഏറ്റെടുത്തോ? തുറമുഖ നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം അദാനിക്ക് വിട്ടുനല്‍കിയ സര്‍ക്കാര്‍ നോക്കുകുത്തിയായി മാറി നില്ക്കുകയാണ്. ഇങ്ങനെയാണോ മെഗാ പ്രൊജക്ടുകള്‍ നടപ്പാക്കേണ്ടത്? ഈ രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെങ്കില്‍ നാലു വര്‍ഷമല്ല പത്തു വര്‍ഷം കഴിഞ്ഞാലും പണി പൂര്‍ത്തിയാകില്ല.'

തുറമുഖം വരുമ്പോള്‍ പ്രദേശത്തുണ്ടായേക്കാവുന്ന ആഘാതത്തെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ ഒരു പഠനവും നടത്തിയിട്ടില്ല. ഡ്രെഡ്ജിങ് കാരണം മത്സ്യസമ്പത്ത് കുറഞ്ഞു. പൈലിങ് പലവീടുകള്‍ക്കും കേടുപാടുകളുണ്ടാക്കിയിട്ടുണ്ട്. പദ്ധതി മൂലം തീരശോഷണമുണ്ടായാല്‍ പ്രദേശവാസികളെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് കരാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി 2015-ല്‍ 475 കോടി രൂപ അനുവദിച്ചു. നിലവിലെ സാഹചര്യത്തില്‍ പുനരധിവാസ പദ്ധതി പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ സമയബന്ധിതമായി നടപ്പാക്കണം. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ കൂടി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

'അദാനിയുടെ കരാര്‍ ലംഘനത്തെ സര്‍ക്കാര്‍ നിസാരവല്‍ക്കരിക്കുന്നു'; പത്ത് വര്‍ഷം കഴിഞ്ഞാലും പദ്ധതി പൂര്‍ത്തിയാകില്ലെന്ന് വി.ഡി.സതീശന്‍
തല്‍ക്കാലം പവര്‍കട്ടും ലോഡ്‌ഷെഡിങ്ങുമില്ല; ഉയര്‍ന്ന വിലയ്ക്ക് വാങ്ങി ക്ഷാമം പരിഹരിക്കുമെന്ന് മന്ത്രി

Related Stories

No stories found.