ചാനല്‍ ചര്‍ച്ചയ്ക്കിടെ അപകീര്‍ത്തികരമായ പരാമര്‍ശം; വിനു വി ജോണിനും, റോയ് മാത്യുവിനുമെതിരെ പരാതി നല്‍കി അഡ്വ.മനീഷ രാധാകൃഷ്ണന്‍

ചാനല്‍ ചര്‍ച്ചയ്ക്കിടെ അപകീര്‍ത്തികരമായ പരാമര്‍ശം; വിനു വി ജോണിനും, റോയ് മാത്യുവിനുമെതിരെ പരാതി നല്‍കി അഡ്വ.മനീഷ രാധാകൃഷ്ണന്‍

മാധ്യമപ്രവര്‍ത്തകരായ വിനു.വി ജോണിനും റോയ് മാത്യുവിനുമെതിരെ നടപടിക്കൊരുങ്ങി അഡ്വ. മനീഷ രാധാകൃഷ്ണന്‍. മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വിനു.വി ജോണ്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് റോയ് മാത്യു മനീഷ രാധാകൃഷ്ണനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. 24 ന്യൂസ് ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയുടെ ഭാര്യയാണ് മനീഷ രാധകൃഷ്ണന്‍.

24ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിയും മോന്‍സനും ഒരു പരിപാടിയില്‍ കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് മകളുടെ പിറന്നാള്‍ ആഘോഷമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് റോയ് മാത്യു മനീഷ രാധാകൃഷ്ണനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് മനീഷ രാധാകൃഷ്ണന്‍ പറഞ്ഞു. ബാലാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും മനീഷ പ്രതികരിച്ചു.

അതേസമയം പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് റോയ് മാത്യു രംഗത്തെത്തി. താന്‍ നടത്തിയ പിതൃത്വ പരാമര്‍ശം നാക്കു പിഴയായിരുന്നു. അവതാരകന്‍ അത് അപ്പോള്‍ തന്നെ ഇടപെട്ട് തിരുത്തിയെങ്കിലും അത് വലിയ വീഴ്ചയായി പോയെന്നാണ് റോയ് മാത്യു പ്രതികരിച്ചത്.

മനീഷ പറഞ്ഞത്

അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ഇന്നലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. റോയ് മാത്യുവിനും വിനു.വി ജോണിനും രക്ഷപ്പെടാന്‍ സാധിക്കില്ല. എന്റെ മകളുടെ പിതൃത്വത്തെക്കുറിച്ച് സംസാരിക്കാന്‍ റോയ് മാത്യുവിന് ആരാണ് അവകാശം നല്‍കിയത്. എന്നെയും മകളെയും അധിക്ഷേപിച്ചവര്‍ക്കെതിരെ ബാലാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നല്‍കും,'' മനീഷ രാധാകൃഷ്ണന്‍ പറഞ്ഞു.

കുറേ ദിവസങ്ങളായി എന്റെ മകളുടെ പിറന്നാള്‍ ആഘോഷം എന്ന രീതിയില്‍ ഒരു ദൃശ്യം പ്രചരിക്കുകയാണെന്നും, എന്നാല്‍ ഇത് സത്യമല്ലെന്നും മനീഷ പറഞ്ഞു.

Related Stories

No stories found.