അക്കൗണ്ടില്‍ ആകെയുള്ളത് 176 രൂപ, മകളുടെ കല്യാണം നടത്തിയത് കടം വാങ്ങി, സാമ്പത്തിക പ്രതിസന്ധിയിലെന്ന് മോന്‍സണ്‍

അക്കൗണ്ടില്‍ ആകെയുള്ളത് 176 രൂപ, മകളുടെ കല്യാണം നടത്തിയത് കടം വാങ്ങി, സാമ്പത്തിക പ്രതിസന്ധിയിലെന്ന് മോന്‍സണ്‍

തന്റെ അക്കൗണ്ടില്‍ ആകെയുള്ളത് 176 രൂപ മാത്രമാണെന്ന് മോണ്‍സണ്‍ മാവുങ്കല്‍. തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും മോണ്‍സണ്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്.

തട്ടിപ്പ് നടത്തിയ പണമെല്ലാം ആര്‍ഭാട ജീവിതത്തിനാണ് ഉപയോഗിച്ചതെന്നും മോണ്‍സണ്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്. കൂടെയുണ്ടായിരുന്ന ബൗണ്‍സര്‍മാര്‍ക്ക് ഉള്‍പ്പെടെ കഴിഞ്ഞ ആറ് മാസമായി ശമ്പളം നല്‍കിയിരുന്നില്ല.

താമസിച്ചിരുന്നത് 50,000 രൂപ പ്രതിമാസ വാടകയുള്ള വീട്ടിലാണ്. കഴിഞ്ഞ എട്ട് മാസമായി വീടിന് വാടകയും നല്‍കിയിട്ടില്ല. മറ്റ് ഏതെങ്കിലും നിക്ഷേപങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്നും ക്രൈം ബ്രാഞ്ച് പരിശോധിക്കും.

ആറുമാസത്തോളം നീണ്ട് നിന്ന പ്രയത്നത്തിലൂടെയാണ് വ്യാജ പുരാവസ്തു ശേഖരത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണെ പരാതിക്കാര്‍ കുടുക്കിയത്. സംശയം തോന്നിയെങ്കിലും തെളിവുകളില്ലാത്തതിനാല്‍ ആറുമാസം മുമ്പേ പരാതിക്കാര്‍ ഡിജിറ്റല്‍ തെളിവുകള്‍ അതീവ രഹസ്യമായി ശേഖരിക്കാന്‍ തുടങ്ങിയിരുന്നു.

പണം നല്‍കി വഞ്ചിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് യാക്കൂബും ഷമീറും അടക്കമുള്ളവര്‍ മോന്‍സണെ കുടുക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കൊച്ചിയിലെ ഹോട്ടലില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ തന്ത്രപൂര്‍വ്വം ഇവര്‍ ചിത്രീകരിച്ചു.

''നിങ്ങള്‍ക്ക് വൈറ്റ് മണി തന്നെ തരാം. എന്നാല്‍ ആരെയും പേടിക്കണ്ടല്ലോ. എന്റെ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടില്ലേ. കേന്ദ്ര ഗവണ്‍മെന്റിന്റെ പതിമൂന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തനിക്കുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ കാര്‍ഡ്. ഹയര്‍ സെക്യൂരിറ്റ് അക്കൗണ്ടുള്ള കേരളത്തിലുള്ള ഒരാള്‍ ഞാന്‍ മാത്രമാണ്. യൂസഫലിക്കയ്ക്ക് പോലുമില്ല. 2018 മുതല്‍ എനിക്കുണ്ട്,'' പരാതിക്കാര്‍ ശേഖരിച്ച വീഡിയോയില്‍ മോന്‍സണ്‍ പറയുന്നു.

തനിക്ക് കാര്യങ്ങള്‍ മനസിലായിട്ട് ഒരുവര്‍ഷത്തോളമായെന്നും തെളിവുകള്‍ ഇല്ലാത്തതുകൊണ്ട് മുമ്പോട്ട് പോയില്ലെന്നും മാതൃഭൂമി ന്യൂസിനോട് യാക്കൂബ് പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി ഇതിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ചാണ് തെളിവ് ശേഖരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാറിനുള്ളിലേക്ക് ടോര്‍ച്ചടിക്കുന്ന സെക്യൂരിറ്റികളെ കൊല്ലാന്‍ തനിക്കും തോന്നിയിട്ടുണ്ടെന്ന് മോന്‍സണ്‍ വീഡിയോയില്‍ പറയുന്നു. തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊന്ന നിസാമിന് പരോള്‍ സംഘടിപ്പിച്ച് നല്‍കിയത് താനാണെന്നും മോന്‍സണ്‍ വീഡിയോയില്‍ പറയുന്നു.

മോന്‍സണ്‍ ഉന്നതരെയൊക്കെ തങ്ങളുടെ മുമ്പില്‍ നിന്ന് വിളിക്കുമെന്ന് പരാതിക്കാരന്‍ ഷഹീര്‍ പറയുന്നു. ഇതില്‍ കുറേയൊക്കെ ശരിയായ ആളുകളാണ്, കുറേയൊക്കെ വ്യാജമാണ്. രേഖകള്‍ ചിത്രീകരിക്കുന്നത് പ്രയാസം നിറഞ്ഞതാണെന്ന് ഷഹീര്‍ പറഞ്ഞു.

Related Stories

No stories found.