'മോന്‍സണ്‍ വലിയ കള്ളന്‍, ആഡംബരം കണ്ട് വിശ്വസിച്ച് പോയി'; കെ.സുധാകരന്‍

'മോന്‍സണ്‍ വലിയ കള്ളന്‍, ആഡംബരം കണ്ട് വിശ്വസിച്ച് പോയി'; കെ.സുധാകരന്‍

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. മോന്‍സണ്‍ തന്റെ സാന്നിധ്യം ദുരുപയോഗം ചെയ്തു. ചികിത്സയ്ക്കായാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നും കെ.സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

താനുമായി സാമ്പത്തിക ഇടപാടുണ്ടെന്ന അപവാദപ്രചരണം മോന്‍സണ്‍ നടത്തിയാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കെ.സുധാകരന്‍. യാദൃശ്ചികമായാണ് മോന്‍സന്റെ അടുത്തെത്തിയത്. എറണാകുളത്തെ പ്രവര്‍ത്തകനാണ് എന്നെ അവിടെ എത്തിച്ചത്. ചികിത്സക്കായി അഞ്ച് തവണ പോയിട്ടുണ്ട്. എന്നാല്‍ മാറ്റം ഇല്ലാതെ വന്നതോടെ ചികിത്സ നിര്‍ത്തി. പത്ത് ദിവസം അവിടെ കിടത്തി ചികിത്സ നടത്തിയെന്നതൊക്കെ വാസ്തവവിരുദ്ധമാണ്.

മോഹന്‍ലാലിനെ പോലെ പ്രസിദ്ധരായവര്‍ പോലും അവിടെ ചികിത്സക്കെത്തിയിട്ടുണ്ട്. എത്രയോ സിനിമാ നടന്മാര്‍ അവിടെയുണ്ട്. മുഖ്യമന്ത്രിയെ സ്വര്‍ണവിഗ്രഹം പോലെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥിരതാമസമാണവിടെ. ഞാന്‍ മാത്രം എന്തിന് ശങ്കിക്കണമായിരുന്നു. ഒരു ഡോക്ടറെ കാണാന്‍ പോകുന്നതില്‍ എന്ത് ജാഗ്രതയാണ് താന്‍ കാണിക്കേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.

മോന്‍സന്റെ വീട് നഗരത്തിലാണ്. ഐപിഎസുകാരും പൊലീസുകാരും തമ്പടിക്കുന്ന സ്ഥലം. പിന്നെ എന്തിന് ജാഗ്രത പാലിക്കണം. പാതിരാത്രിക്കൊന്നും അവിടെ കയറി പോയിട്ടില്ലെന്ന് പറഞ്ഞ സുധാകരന്‍ മോന്‍സണ്‍ വലിയ കള്ളനാണെന്നും പറഞ്ഞു. 'അവിടുത്തെ ആഢംബരം കണ്ട് വിശ്വസിച്ച് പോയി. ഒരു അഞ്ച് പൈസയുടെ പണമിടപാട് ഞാനുമായി നടത്തിയിട്ടില്ല. അതാണ് സത്യം. അല്ലാത്ത തരത്തില്‍ മോന്‍സന്‍ പറഞ്ഞെങ്കില്‍ നിയമനടപടിയുമായി പോകും. അയാളൊരു നല്ല കള്ളനാണെന്നത് വ്യക്തമാണ്', സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
The Cue
www.thecue.in