തട്ടിപ്പുകേസില്‍ പിടിച്ച മോന്‍സണ്‍ കെ.സുധാകരനൊപ്പം; പുറത്തുവരുന്നത് ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍

തട്ടിപ്പുകേസില്‍ പിടിച്ച മോന്‍സണ്‍ കെ.സുധാകരനൊപ്പം; പുറത്തുവരുന്നത് ഉന്നതര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍

പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സണ്‍ മാവുങ്കലിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളെന്ന് റിപ്പോര്‍ട്ട്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനൊപ്പമുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണും അടക്കമുള്ളവര്‍ ചിത്രത്തിലുണ്ട്.

ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ മോന്‍സണെ പരിചയമുണ്ടെന്ന് ജിജി തോംസണ്‍ പ്രതികരിച്ചു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം. പ്രവാസി മലയാളി ഫെഡറേഷന്റെ രക്ഷാധികാരികളില്‍ ഒരാളാണ് താന്‍, മറ്റൊരു രക്ഷാധികാരിയായ മോന്‍സണെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കണ്ടിട്ടുണ്ട്. പുരാവസ്തു ശേഖരം കാണിക്കാന്‍ മോന്‍സണ്‍ തന്നെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും, ഭാര്യക്കൊപ്പമാണ് പോയതെന്നും ജിജി തോംസണ്‍ പറഞ്ഞു. പുരാവസ്തു ശേഖരത്തില്‍ ചിലതെല്ലാം കാണിച്ചു തന്നിരുന്നു, എല്ലാത്തിനും ആധികാരിക രേഖകളുണ്ടെന്നായിരുന്നു അവകാശപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോന്‍സണ്‍ മാവുങ്കലിന്റെ കേസുകള്‍ വാദിച്ചുള്ള പരിചയമാണുള്ളതെന്നും ലാലി വിന്‍സെന്റും പ്രതികരിച്ചു. 1999-2000 കാലഘട്ടത്തിലായിരുന്നു ഇത്. ഇടക്കാലത്ത് കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നീടൊരിക്കല്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. കെ.സുധാകരന്‍, ജിജി തോംസണ്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരും അന്ന് ഉണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

രാഷ്ട്രീയക്കാര്‍ക്കും, ഉന്നത സ്ഥാനങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും, സിനിമാ താരങ്ങള്‍ക്കും ഒപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഞായറാഴ്ചയായിരുന്നു വ്യാജ ബാങ്ക് രേഖകള്‍ ഉള്‍പ്പടെ കാണിച്ച് പലരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായത്.

Related Stories

No stories found.
logo
The Cue
www.thecue.in