അമ്മയ്ക്ക് താല്‍കാലിക തസ്തികയില്‍ നിയമനം; നിപയെ അതിജീവിച്ച കുടുംബത്തിന് ആശ്വാസവുമായി ആരോഗ്യമന്ത്രി

അമ്മയ്ക്ക് താല്‍കാലിക തസ്തികയില്‍ നിയമനം; നിപയെ അതിജീവിച്ച കുടുംബത്തിന് ആശ്വാസവുമായി ആരോഗ്യമന്ത്രി

എറണാകുളത്ത് നിപയെ അതിജീവിച്ച കുടുംബത്തിന് ആശ്വാസമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം പ്രതിസന്ധിയിലായ നിപയെ അതിജീവിച്ച എറണാകുളം സ്വദേശിയായ ഗോകുല്‍ കൃഷ്ണയുടെ അമ്മ വി.എസ്. വാസന്തിക്ക് താത്ക്കാലിക തസ്തികയില്‍ നിയമനം നല്‍കി. സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ ലോണ്‍/ റിക്കവറി അസിസ്റ്റന്റായാണ് നിയമനം. വാസന്തി ജോലിയില്‍ പ്രവേശിച്ചു.

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് 2019ല്‍ ഗോകുല്‍ കൃഷ്ണയെ നിപ വൈറസ് ബാധിച്ചത്. അമ്മ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ ചാര്‍ജ് ആയാണ് ജോലി ചെയ്തിരുന്നത്. മകന് നിപ വൈറസ് ബാധിച്ചതോടെ അവര്‍ ആശുപത്രിയില്‍ നിന്നും വിട്ടുനിന്നു. മകന്റെ ചികിത്സ കഴിഞ്ഞിട്ട് ആശുപത്രിയിലെത്തിയപ്പോഴേക്കും അവരെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു. 28 വര്‍ഷം അവര്‍ അവിടെ സേവനമനുഷ്ഠിച്ചിരുന്നു എന്നാണ് പറയുന്നത്. കൊവിഡ് വ്യാപനം കാരണം അച്ഛന് ജോലി നഷ്ടപ്പെട്ടിരുന്നു. ഗോകുല്‍ കൃഷ്ണയെ നിപയ്ക്ക് ശേഷം മറ്റ് പല അസുഖങ്ങളും അലട്ടിയിരുന്നു. കടം കയറി വീട് ജപ്തിയുടെ വക്കിലായിരുന്നു.

ഗോകുല്‍ കൃഷ്ണയുടെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ മന്ത്രി നേരിട്ട് വിളിക്കുകയായിരുന്നു. ഉടന്‍ തന്നെ മന്ത്രിയുടെ വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ അമ്മയ്ക്ക് ജോലി നേടിക്കൊടുത്തു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ലേബര്‍ വകുപ്പിന്റെ സഹായം തേടി. ജപ്തിനടപടികളില്‍ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്റേയും സഹായം തേടും. ഗോകുല്‍ കൃഷ്ണയുടെ തുടര്‍ ചികിത്സ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭ്യമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in