സി.പി.എം യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നു, സതീശന്‍ ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുന്നു, ദീപികയില്‍ വീണ്ടും ലേഖനം

സി.പി.എം യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നു, സതീശന്‍ ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുന്നു, ദീപികയില്‍ വീണ്ടും ലേഖനം

സി.പി.ഐ.എം നിലപാടിന് പിന്നാലെ ദീപിക ദിനപത്രത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് വീണ്ടും ലേഖനം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞു കൊണ്ട് മൂടിവെയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്നാണ് ലേഖനത്തില്‍ പറയുന്നത്.

സി.പി.ഐ.എം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞതും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണെന്ന് ലേഖനത്തിലുണ്ട്. സി.പി.ഐ.എം യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ബിഷപ്പ് പറഞ്ഞപ്പോള്‍ അതിന് മതത്തിന്റെ പരിവേഷം കൊടുക്കാന്‍ ശ്രമിച്ചുവെന്നുമാണ് ദീപികയുടെ ലേഖനത്തില്‍ പറയുന്നത്.

യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടിക്കുന്നവരും എന്ന തലക്കെട്ടിലാണ് ലേഖനം എഴുതിയത്.

'മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ആഗ്യപ്രതികരണങ്ങളും ബിഷപ്പ് എന്തോ അപരാധം ചെയ്തു എന്ന നിലയിലായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞുകൊണ്ട് മൂടിവെക്കാന്‍ ശ്രമിച്ച യാഥാര്‍ത്ഥ്യമാണ് മാര്‍ കല്ലറങ്ങാട്ട് പറഞ്ഞത് എന്നാണ് ഇപ്പോള്‍ കേരളജനത മനസിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന സി.പി.ഐ.എം കേരളത്തിലാകമാനം അടിത്തറയുള്ളതും ജനകീയ ബന്ധമുള്ളതുമായ രാഷ്ട്രീയ പാര്‍ട്ടിയാണ് എന്നത് ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. കേഡര്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഘടകങ്ങളും വിവര ശേഖരണത്തിന് വിപുലമായ സംവിധാനവും സി.പി.ഐ.എമ്മിനുണ്ട്. അത്തരമൊരു പാര്‍ട്ടി അതിന്റെ സമ്മേളനത്തിന്റെ ചര്‍ച്ചയ്ക്കായി തയ്യാറാക്കി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളല്ലേ പാലാ ബിഷപ്പും ചൂണ്ടിക്കാട്ടിയത്?,' ലേഖനത്തില്‍ ചോദിക്കുന്നു.

കഴിഞ്ഞ ദിവസം സി.പി.ഐ.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ പ്രതികരണവും മന്ത്രി വാസവന്റെ ബിഷപ്പ് ഹൗസ് സന്ദര്‍ശനവുമെല്ലാം യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നുവെന്ന സൂചന തന്നെയാണ് നല്‍കുന്നത് എന്നും ലേഖനത്തില്‍ പറയുന്നു.

പ്രതിപക്ഷ നേതാവിന്റെയും യു.ഡി.എഫ് ഘടകകക്ഷികളുടെയും കോണ്‍ഗ്രസിന്റെയും നിലപാടുകളാണ് ഇനിയും പരിശോധിക്കപ്പെടേണ്ടത് എന്നും വി.ഡി സതീശന്‍ ക്ലീന്‍ ഇമേജ് സൃഷ്ടിക്കാന്‍ പാടുപെടുകയാണെന്നും ലേഖനത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം വി.എന്‍ വാസവന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു. ആ ചാപ്റ്റര്‍ ക്ലോസ് ആയെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

പ്രൊഫഷണല്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്റെ വഴിയിലേക്ക് അടുപ്പിക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നുണ്ടെന്നാണ് സി.പി.ഐ.എം സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പില്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥി മുന്നണികളും യുനജനമുന്നണിയും പ്രത്യേകം ശ്രദ്ധിക്കണമെന്നും കുറിപ്പില്‍ പറയുന്നു.

മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയ-തീവ്രവാദ രാഷ്ട്രീയം ശ്രമിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. മുസ്ലീം സമൂഹത്തിലെ ബഹൂഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പിന്തുണക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്.

ക്രൈസ്തവരെ മുസ്ലീം ജനവിഭാഗത്തിന് എതിരാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയ ആശയങ്ങള്‍ക്ക് കീഴ്പ്പെടുന്ന രീതി സാധാരണ കണ്ടുവരാറില്ലെന്നും, എന്നാല്‍ അടുത്ത കാലത്ത് കേരളത്തില്‍ കണ്ടുവരുന്ന ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവത്തില്‍ കാണണമെന്നും കുറിപ്പിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in