ക്രൈസ്തവ യുവതികളെ ലക്ഷ്യംവെച്ച് 'സെക്‌സ് ടെററിസം', വീണ്ടും വിചിത്ര വാദവുമായി താമരശ്ശേരി രൂപത

ക്രൈസ്തവ യുവതികളെ ലക്ഷ്യംവെച്ച് 'സെക്‌സ് ടെററിസം', വീണ്ടും വിചിത്ര വാദവുമായി താമരശ്ശേരി രൂപത

വിചിത്രവാദങ്ങളുമായി പുറത്തിറങ്ങിയ താമരശ്ശേരി രൂപതയുടെ വേദപാഠപുസ്തക വിവാദത്തിന് പിന്നാലെ ക്രൈസ്തവ യുവതികളെ ലക്ഷ്യംവെച്ച് 'സെക്‌സ് ടെററസിസം' എന്ന വാദവുമായി താമരശ്ശേരി രൂപത. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചിരുന്നുവെന്നും പ്രണയ വിവാഹം എന്ന വ്യാജേന ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരകളായി കണ്ടെത്തിയിട്ടുണ്ട് എന്നാണ് താമശ്ശേരി രൂപത ആരോപിക്കുന്നത്.

ഇവ സംഘടിതമായ ചില നിഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന വിചിത്ര വാദങ്ങളും താമരശ്ശേരി രൂപത ഉന്നയിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേദപാഠ പുസ്തക വിവാദത്തില്‍ വിശദീകരണം നല്‍കി പുറത്തിറക്കിയ പ്രസ്താവനയിലാണ് 'സെക്‌സ് ടെററിസം' എന്ന വാക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'' കഴിഞ്ഞ കുറച്ചുനാളുകളായി ക്രൈസ്തവ യുവതികളെയും പെണ്‍കുട്ടികളെയും ലക്ഷ്യംവച്ച് പലവിധത്തിലുള്ള സെക്‌സ് ടെററിസം നടക്കുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. അതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നൂറിലധികം കുട്ടികള്‍ ചില ചെറുപ്പക്കാരിലൂടെ പ്രണയ വിവാഹം എന്ന വ്യാജേന ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇകരളായിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഹീനകൃത്യം ഒറ്റപ്പെട്ട സംഭവം എന്നതിനെക്കാള്‍ സംഘടിതമായ ചില നീഗൂഢ ലക്ഷ്യങ്ങളുടെ ഭാഗമാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.

വിവാഹത്തിലേക്ക് അവര്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങളും വിവാഹശേഷം അവര്‍ നേരിടുന്ന അപകടകരമായിട്ടുള്ള ജീവിതാവസ്ഥയും ഈ സംശയത്തെ ഉറപ്പിച്ചു. ഇത്തരത്തിലുള്ള കേസുകളില്‍ ഈ യുവാക്കള്‍ക്ക് നിയമസംരക്ഷണമടക്കം നല്‍കാനുള്ള സംഘടിതമായ ശ്രമങ്ങള്‍ നടക്കുന്നത്. പലപ്പോഴും ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികളെയും, ഇരകളുടെ ബന്ധുക്കളെയും നിസഹായാവസ്ഥയിലേക്ക് തള്ളിവിടുന്നു,'' എന്നാണ് ഫാ.ജോണ്‍ പള്ളിക്കാവയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

വേദപാഠ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ കുറിപ്പിലാണ് താമരശ്ശേരി രൂപത സെക്‌സ് ടെററിസം എന്ന വിചിത്രവാദം ഉന്നയിക്കുന്നത്.

അതേസമയം രൂപതയ്ക്ക് എതെങ്കിലും വിശ്വാസത്തോടോ, മതത്തോടോ യാതൊരുവിധ വിവേചനമോ അസഹിഷ്ണുതയോ ഇല്ലെന്നും രൂപത പ്രസ്താവനയില്‍ പറയുന്നു. ക്രൈസ്തവ യുവജനങ്ങളെ ക്രിസ്തീയ വിശ്വാസ്യബോധ്യത്തില്‍ നിലനിര്‍ത്തുകയും പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് ഈ പുസ്തക രചനയ്ക്ക് പിന്നിലെന്നും ഫാ. ജോണ്‍ പള്ളിക്കാവയലില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in