കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമത്തില്‍ വീണുപോകരുത്, ഒരുമിച്ച് മാധ്യമങ്ങളെ കണ്ട് സി.എസ്.ഐ ബിഷപ്പും കോട്ടയം ഇമാമും

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമത്തില്‍ വീണുപോകരുത്, ഒരുമിച്ച് മാധ്യമങ്ങളെ കണ്ട് സി.എസ്.ഐ ബിഷപ്പും കോട്ടയം ഇമാമും

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ ഒരുമിച്ച് മാധ്യമങ്ങളെ കണ്ട് കോട്ടയം താഴത്തങ്ങാടി പള്ളി ഇമാമും സി.എസ്.ഐ സഭാ ബിഷപ്പും.

എല്ലാ തെറ്റായ പ്രവണതകളെയും എതിര്‍ക്കേണ്ടതാണ്. ലഹരി, ട്രാഫിക്ക് എന്നുള്ളതെല്ലാം ക്രിസ്ത്യാനി ചെയ്താലും മുസ്ലിം ചെയ്താലുമെല്ലാം എതിര്‍ക്കപ്പെടണം. സമൂഹമാകരുത് അത് ശിക്ഷിക്കപ്പെടുന്നതെന്ന് സി.എസ്.ഐ സഭാ ബിഷപ്പ് പറഞ്ഞു.

''ഞങ്ങള്‍ താമസിക്കുന്ന ഇടം മുസ്ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളുമെല്ലാമുള്ളിടമാണ്. അതിന് ഉലച്ചില്‍ തട്ടരുത് എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ആളുകള്‍ എല്ലാ സമുദായത്തിലുമുണ്ടാകും. അവരുടെ തെറ്റായ ആഹ്വാനങ്ങളില്‍ ആരും വീണു പോകരുത്,'' സി.എസ്.ഐ സഭാ ബിഷപ്പ് കോട്ടയത്ത് പറഞ്ഞു.

രണ്ട് സമൂഹങ്ങള്‍ക്കിടയിലുള്ള അകല്‍ച്ച ബോധപൂര്‍വ്വം സൃഷ്ടിക്കാനുള്ള ശ്രമം ആരൊക്കെയോ ചേര്‍ന്ന് ചെയ്യുന്ന സാഹചര്യത്തിലാണ് ബിഷപ്പുമായി കൂടി ചേര്‍ന്ന് പത്ര സമ്മേളനം നടത്തുന്നതെന്ന് കോട്ടയം താഴത്തങ്ങാടി ഇമാം പറഞ്ഞു.

കേരളത്തിന് പോര്‍വിളിയും സംഘര്‍ഷങ്ങളുമല്ല വേണ്ടത്. സ്‌നേഹവും പരസ്പരം പങ്കുവെക്കലുമുള്ള പാരമ്പര്യമുള്ളവരാണ് നമ്മള്‍ എല്ലാവരും.

എതെങ്കിലും തരത്തിലുള്ള പ്രത്യേക സംഭവം ഉണ്ടാകുമ്പോള്‍ തകര്‍ന്നു പോകുന്നുവെങ്കില്‍ നാമോരുരുത്തരും നമ്മിലേക്ക് തന്നെ വിരല്‍ചൂണ്ടി ഒരു വലിയ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്നും കോട്ടയം, താഴത്തങ്ങാടി ഇമാം പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in