പറഞ്ഞുറപ്പിച്ച ടിക്കറ്റിന് ബംപറടിച്ചിട്ടും വാക്കുമാറാതിരുന്ന സ്മിജ, അപ്രതീക്ഷിത സമ്മാനവുമായി ചന്ദ്രന്‍

പറഞ്ഞുറപ്പിച്ച ടിക്കറ്റിന് ബംപറടിച്ചിട്ടും വാക്കുമാറാതിരുന്ന സ്മിജ, അപ്രതീക്ഷിത സമ്മാനവുമായി ചന്ദ്രന്‍

പണം നല്‍കാതെ, പറഞ്ഞുറപ്പിച്ചിരുന്ന ലോട്ടറി ടിക്കറ്റിന് ബംപര്‍ സമ്മാനമായ ആറ് കോടി രൂപ ലഭിച്ചിട്ടും വാക്ക് മാറാതിരുന്ന സ്മിജ കെ.മോഹനന്, സമ്മാനവുമായി ബംപര്‍ ലഭിച്ച ചന്ദ്രന്‍. മാര്‍ച്ചില്‍ സമ്മര്‍ ബംപറടിച്ച കീഴ്മാട് സ്വദേശി ചന്ദ്രന് കഴിഞ്ഞ ദിവസമാണ് പണം ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് സ്മിജയ്ക്ക് സമ്മാനമായി ചന്ദ്രന്‍ നല്‍കിയത്.

ഓണം ബംപര്‍ ലോട്ടറി എടുക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ചന്ദ്രന്‍ സ്മിജയ്ക്ക് പണം നല്‍കിയത്. സമ്മാനത്തുകയായി ഏജന്‍സി കമ്മീഷനും നികുതിയും കഴിഞ്ഞ് നാല് കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിച്ചത്.

ലോട്ടറി വിറ്റതിനുള്ള കമ്മീഷന്‍ തുകയായ 60 ലക്ഷം രൂപയില്‍ നിന്ന് നികുതി കഴിഞ്ഞ 51 ലക്ഷം രൂപ സ്മിജക്ക് കഴിഞ്ഞ മാസം ലഭിച്ചിരുന്നു. തനിക്ക് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്നായിരുന്നു സ്മിജ പറഞ്ഞത്.

രാജഗിരി ആശുപത്രിക്ക് മുന്നില്‍ വര്‍ഷങ്ങളായി ലോട്ടറി വില്‍ക്കുകയാണ് സ്മിജ. വിറ്റുപോകാതിരുന്ന ടിക്കറ്റ് പലരെയും വിളിച്ച് വേണോ എന്ന് ചോദിച്ചിരുന്നു, ഒടുവില്‍ ടിക്കറ്റ് മാറ്റിവെക്കാന്‍ ചന്ദ്രന്‍ ആവശ്യപ്പെടുകയായിരുന്നു. ടിക്കറ്റ് വിലയായ 200 രൂപ അടുത്ത ദിവസം നല്‍കാമെന്ന് പറയുകയും ചെയ്തു. സ്മിജ ടിക്കറ്റ് മാറ്റിവെച്ച് ഫോട്ടോയും ചന്ദ്രന് അയച്ചു നല്‍കിയിരുന്നു.

ഈ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് അറിഞ്ഞതിന് ശേഷമാണ് ഭര്‍ത്താവിനൊപ്പം ചന്ദ്രന്റെ വീട്ടിലെത്തി ടിക്കറ്റ് കൈമാറിയത്. കാക്കനാട് സര്‍ക്കാര്‍ പ്രസിലായിരുന്നു സ്മിജയ്ക്കും ഭര്‍ത്താവിനും ജോലി. മകന്റെ ചികിത്സയ്ക്കായി ലീവെടുത്തതിന്റെ പേരില്‍ ജോലി നഷ്ടമായി. തുടര്‍ന്നാണ് ഇരുവരും ലോട്ടറി കച്ചവടത്തിലേക്കിറങ്ങിയത്. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ പട്ടിമറ്റം വലമ്പൂരില്‍ ലഭിച്ച വീട്ടിലാണ് താമസിക്കുന്നത്.

Related Stories

No stories found.
The Cue
www.thecue.in