'പാലാ ബിഷപ്പ് നല്‍കിയത് മുന്നറിയിപ്പ്, പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ച് പോകുന്നവ', പിന്തുണച്ച് ചങ്ങനാശ്ശേരി രൂപതയും

'പാലാ ബിഷപ്പ് നല്‍കിയത് മുന്നറിയിപ്പ്, പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ച് പോകുന്നവ', പിന്തുണച്ച് ചങ്ങനാശ്ശേരി രൂപതയും

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച് ചങ്ങനാശ്ശേരി രൂപത. കുടുംബ ഭദ്രതക്കെതിരെ ശക്തികള്‍ പിടിമുറുക്കുമ്പോള്‍ നിശബ്ദത പാലിക്കാനാകില്ല, പാലാ ബിഷപ്പ് നല്‍കിയത് ചില വിപത്തുകള്‍ക്കെതിരായ മുന്നറിയിപ്പാണെന്നും, ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. ദീപികയില്‍ എഴുതിയ ലേഖനത്തിലായിരുന്നു പ്രതികരണം.

'പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ച് പോകുന്നവയാണ്. മനുഷ്യദ്രോഹപരമായ ഇത്തരം ഭീഷണികളെ ഉന്മൂലനം ചെയ്യാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. അധികാരികളുടെ നിസംഗത രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയം ഗൗരവത്തോടെ കാണണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

'കുടുംബങ്ങളെ തകര്‍ക്കുന്ന ചില ഘടകങ്ങള്‍ കുറച്ചുകാലമായി നമ്മുടെ സമൂഹത്തില്‍ ശക്തിയാര്‍ജിക്കുകയാണ്. കുടുംബങ്ങളുടെ അടിത്തറ ഇളക്കുകയും സാമൂഹ്യജീവിതം കലുഷിതമാക്കുകയും ചെയ്യുന്ന അവസ്ഥ ആശങ്കയുളവാക്കുന്നു. കേരളത്തിലെ കുടുംബങ്ങള്‍ മുമ്പില്ലാത്ത വിധം ഗുരുതരവും വ്യത്യസ്തവുമായ ഭീഷണികളെ നേരിടുകയാണ്. സ്ത്രീപീഡനങ്ങളും, ആത്മഹത്യകളും വലിയ തോതില്‍ വര്‍ധിച്ചു വരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും യുവതികളും വിവാഹിതരായ വീട്ടമ്മമാര്‍ പോലും ഇതിന് ഇരയാകുന്നു. പ്രണയക്കെടുതികളില്‍ പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നത്.

പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും കെണിയില്‍പെടുത്തുകയും ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂണണത്തിനും ഇരയാക്കുകയും ചെയ്യുന്നു. ഇപ്പോള്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതോടെ മയക്കുമരുന്ന് കടത്ത് വ്യാപകമാകാനും കേരളം അതിന്റെ മുഖ്യവിപണികളിലൊന്നായി മാറാറും സാധ്യതകളേറെയാണ്.

രാഷ്ട്രീയപ്രവര്‍ത്തകരും സാംസ്‌കാരികനായകരും മാധ്യമപ്രവര്‍ത്തകരും ഭാവിതലമുറയുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കാന്‍ കടപ്പെട്ടവരാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ഉള്‍ക്കൊള്ളുന്നതിനും തുറന്ന മനസോടെ ചര്‍ച്ച ചെയ്യുന്നതിനും പൊതുരംഗത്തുള്ളവര്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും പത്രമാധ്യമങ്ങളും പുലര്‍ത്തുന്ന വേര്‍തിരിവുനയങ്ങള്‍ തിരുത്തപ്പെടണം', ലേഖനത്തില്‍ ജോസഫ് പെരുന്തോട്ടം പറയുന്നു.

Related Stories

No stories found.
The Cue
www.thecue.in