മലയാളത്തിന്റെ പ്രിയ നടന്‍ റിസബാവ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ നടന്‍ റിസബാവ അന്തരിച്ചു

നടന്‍ റിസബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 54 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകവേദിയിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും, കാരക്ടര്‍ റോളുകളിലും തിളങ്ങിയ നടനാണ്.

1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമാ അഭിനയത്തിനു തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല. ഒരു ഇടവേളയ്ക്ക് ശേഷം 1990-ലാണ് അദ്ദേഹം വീണ്ടും സിനിമയിലേയ്‌ക്കെത്തുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. എന്നാല്‍ റിസബാവ ശ്രദ്ധിയ്ക്കപ്പെട്ടത് സിദ്ദിഖ് - ലാല്‍ സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയില്‍ വില്ലന്‍ വേഷം ചെയ്തതോടെയാണ്. റിസബാവ ചെയ്ത ജോണ്‍ ഹോനായ് എന്ന വില്ലന്‍ കഥാപാത്രം പ്രേക്ഷക പ്രശംസ നേടി.

സിനിമകള്‍ കൂടാതെ ടെലിവിഷന്‍ പരമ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചു. അഭിനയം കൂടാതെ റിസബാവ ചില സിനിമകളില്‍ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1966 സെപ്റ്റംബര്‍ 24-ന് കൊച്ചിയിലാണ് റിസബാവ ജനിച്ചത്. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു റിസബാവയുടെ വിദ്യാഭ്യാസം. മമ്മൂട്ടി നായകനായ വണ്‍ ആണ് അവസാനമായി പുറത്തു വന്ന റിസബാവ ചിത്രം.

Related Stories

No stories found.
The Cue
www.thecue.in