'പാലാ ബിഷപ്പിനെ സംരക്ഷിക്കണം'; അമിത്ഷായ്ക്ക് കത്തയച്ച് സംസ്ഥാന ബി.ജെ.പി

'പാലാ ബിഷപ്പിനെ സംരക്ഷിക്കണം'; അമിത്ഷായ്ക്ക് കത്തയച്ച് സംസ്ഥാന ബി.ജെ.പി

കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദുണ്ടെന്ന പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ബിഷപ്പിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സംരക്ഷണമൊരുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ജോര്‍ജ് കുര്യനാണ് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്.

ബിഷപ്പ് ഉന്നയിച്ച വിഷയത്തില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യമുണ്ട്. കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് ബിഷപ്പിനെതിരെ നീങ്ങുകയാണ്. ഈ ധൈര്യത്തിലാണ് തീവ്രവാദ സംഘടനകള്‍ മുന്നോട്ട് പോകുന്നത്. ഇത് കണക്കിലെടുത്ത് ബിഷപ്പിനും ക്രൈസ്തവ വിശ്വാസികള്‍ക്കും സംരക്ഷണമൊരുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടതെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ലൗ ജിഹാദിനൊപ്പം കേരളത്തില്‍ നാര്‍ക്കോട്ടിക്ക് ജിഹാദുമുണ്ടെന്നുമായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം. അമുസ്ലിങ്ങളായവരെ പ്രത്യേകിച്ച് യുവജനങ്ങളെ മയക്കുമരുന്നിന് അടിമയാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്നതിനെയാണ് നാര്‍ക്കോട്ടിക് ജിഹാദ് എന്ന് പറയുന്നതെന്ന വിചിത്ര വാദങ്ങളാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കല്ലറങ്ങാട്ട് പറഞ്ഞിരുന്നു.

ആയുധം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതെന്നതുള്‍പ്പെടെയുള്ള വിദ്വേഷ പ്രസ്താവനകളാണ് കല്ലറങ്ങാട്ട് നടത്തിയത്. നിമിഷയുടെയും സോണിയ സെബാസ്റ്റ്യന്റെയും പേര് എടുത്ത് ഉപയോഗിച്ചായിരുന്നു കല്ലറങ്ങാട്ടിന്റെ പ്രതികരണം. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണം എന്നും കല്ലറങ്ങാട്ട് പറഞ്ഞിരുന്നു.

പരാമര്‍ശത്തില്‍ ബിഷപ്പിനെതിരെ പ്രതിഷേധം ശക്തമായതോടെ, വി.മുരളീധരന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്നും, ബി.ജെ.പി സംരക്ഷിക്കുമെന്നുമായിരുന്നു വി.മുരളീധരന്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in