നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ട, ഇസ്ലാം വിരുദ്ധത സൃഷ്ടിക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമമെന്ന് വി.ഡി സതീശന്‍

നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ട, ഇസ്ലാം വിരുദ്ധത സൃഷ്ടിക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമമെന്ന് വി.ഡി സതീശന്‍

നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ ക്രിസ്ത്യന്‍ മുസ്ലിം വിഭാഗീയതയ്ക്ക് വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നതെന്നും സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് സംഘപരിവാര്‍ അനുഭാവികളാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

'' സമൂഹത്തെ ഭിന്നിപ്പിക്കുന്ന തരത്തിലേക്ക് വിഷയം വളര്‍ത്തരുത്. കേരളത്തില്‍ സമുദായ സംഘര്‍ഷം ഉണ്ടാകാതെ നോക്കണം. സമുദായ മൈത്രി നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ചിലര്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ മാത്രം ശ്രമിക്കുകയാണ്,'' വി.ഡി സതീശന്‍ പറഞ്ഞു.

അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ നന്നല്ലെന്ന് വിശദീകരിച്ച സതീശന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും പ്രശ്‌നം വഷളാകാതെ നോക്കണമെന്നും നിര്‍ദേശിച്ചു. സംഘപരിവാര്‍ അജണ്ടയില്‍ ഇരുവിഭാഗങ്ങളും പെട്ടു പോകരുതെന്നാണ് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘപരിവാര്‍ എന്തെങ്കിലും വീണ് കിട്ടാന്‍ കാത്തു നില്‍ക്കുകയാണ്. അത് ബിഷപ്പ് പറഞ്ഞതിന്റെ അപ്പുറത്തേക്ക് പോകും. അദ്ദേഹം പറഞ്ഞ രീതിയിലൊന്നുമായിരിക്കില്ല ഇതൊന്നും കൈകാര്യം ചെയ്യാന്‍ പേകാുന്നത്.

അതിന്റെ അപ്പുറത്തേക്കും വിഷയം പോകും. സമൂഹത്തില്‍ ഇസ്ലാം വിരുദ്ധത സൃഷ്ടിക്കാനാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ശ്രമിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. പാലാ ബിഷപ്പിനെതിരെ ഉയരുന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളും എതിര്‍ക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
The Cue
www.thecue.in