വിവാദത്തിന് പിന്നില്‍ മയക്കുമരുന്ന് ലോബിയെന്ന് സംശയിച്ചാല്‍ തെറ്റില്ല; ബിഷപ്പിനെ പിന്തുണച്ച് മാണി സി. കാപ്പന്‍

വിവാദത്തിന് പിന്നില്‍ മയക്കുമരുന്ന് ലോബിയെന്ന് സംശയിച്ചാല്‍ തെറ്റില്ല; ബിഷപ്പിനെ പിന്തുണച്ച് മാണി സി. കാപ്പന്‍

വിവാദ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് എം.എല്‍.എ മാണി സി. കാപ്പന്‍. വിവാദത്തിന് പിന്നില്‍ മയക്കുമരുന്ന് ലോബിയാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

ബിഷപ്പ് മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും വിഷയത്തിന്റെ ഉദ്ദേശ ശുദ്ധിയെ വളച്ചൊടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കാപ്പന്‍ പറഞ്ഞു. വിശ്വാസികള്‍ പ്രത്യേകിച്ച് കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടെരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയതെന്നും കാപ്പന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

'നാര്‍ക്കോട്ടിക് വസ്തുക്കളുടെ ഉപയോഗം കുട്ടികളെയും മുതിര്‍ന്നവരെയും സംബന്ധിച്ചിടത്തോളം ലോകം ഒട്ടാകെ നിരോധിച്ചിരിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമാണ്. ഇക്കാര്യം കല്ലറങ്ങാട്ട് പിതാവ് മാത്രം പറയാന്‍ പാടില്ല എന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ പുകയില വസ്തുക്കള്‍ വിതരണം. ചെയ്യുന്ന കടകള്‍ക്ക് പോലും ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്. പാലാ ബിഷപ്പ് പറഞ്ഞത് ഏതെങ്കിലും സമുദായത്തിന് എതിരല്ല. ഒരു മതത്തെയും അദ്ദേഹം കുറ്റപ്പെടുത്തിയില്ല. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിഷപ്പിന്റെ അഭിപ്രായം,' പ്രസ്താവനയില്‍ പറയുന്നു.

കുര്‍ബാന മധ്യേ വിശ്വാസികളോടായി ബിഷപ്പ് പറഞ്ഞത് അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാല്‍ മതിയാകുമെന്നും ബിഷപ്പിന്റെ ആശയത്തോട് വിയോജിപ്പുകള്‍ ഉള്ളവര്‍ക്ക് ആശയസംവാദത്തിനുള്ള സ്വാതന്ത്ര്യവും രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗം

'ഇളം പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍, കോളേജുകള്‍, ട്രെയിനിങ്ങ് സെന്ററുകള്‍ എന്നുവേണ്ട ഒരുവിധം ആളുകള്‍ കൂടുന്നിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികള്‍ വലവിരിച്ചിട്ടുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയം കടന്നുപോയെന്ന് ഞാന്‍ വിചാരിക്കുകയാണ്.

കേരളത്തില്‍ ലൗ ജിഹാദില്ല എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നാര്‍ക്കോട്ടിക് ഡ്രഗ് ജിഹാദാണ്. അമുസ്ലിങ്ങളായവരെ മയക്കുമരുന്നിന് അടിമയാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്നവരെയാണ് നാര്‍ക്കോട്ടിക്ക് ജിഹാദ് അഥവാ ഡ്രഗ് ജിഹാദെന്ന് നമ്മള്‍ പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്ന് കച്ചവടങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് എന്നത് വ്യക്തമാണല്ലോ,'' പാലാ ബിഷപ്പ് പറഞ്ഞു.

ആയുധം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതെന്നതുള്‍പ്പെടെയുള്ള വിദ്വേഷ പ്രസ്താവനകളാണ് കല്ലറങ്ങാട്ട് നടത്തിയത്. നിമിഷയുടെയും സോണിയ സെബാസ്റ്റ്യന്റെയും പേര് എടുത്ത് ഉപയോഗിച്ചായിരുന്നു കല്ലറങ്ങാട്ടിന്റെ പ്രതികരണം. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണം എന്നും കല്ലറങ്ങാട്ട് പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in