ജലീലിനുള്ള മറുപടി മുഖ്യമന്ത്രി കൊടുത്തു കഴിഞ്ഞു, വഴിയേ പോകുന്നവരോട് വിശദീകരിക്കേണ്ട ആവശ്യം ലീഗിനില്ലെന്ന് പി.എം.എ സലാം

ജലീലിനുള്ള മറുപടി മുഖ്യമന്ത്രി കൊടുത്തു കഴിഞ്ഞു, വഴിയേ പോകുന്നവരോട് വിശദീകരിക്കേണ്ട ആവശ്യം ലീഗിനില്ലെന്ന് പി.എം.എ സലാം

മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ജലീലിനുള്ള നല്‍കേണ്ട മറുപടി മുഖ്യമന്ത്രി കൊടുത്തു കഴിഞ്ഞു.

വഴിയേ പോകുന്നവരോട് മറുപടി പറയേണ്ട ആവശ്യം ലീഗിനില്ല. എ.ആര്‍ നഗര്‍ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണെന്നും പി.എം.എ സലാം മാധ്യമങ്ങളോട് പറഞ്ഞു.

'' മുഖ്യമന്ത്രി ഞങ്ങളൊക്കെ പറയുന്നതിനപ്പുറം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ട്രാന്‍പോര്‍ട്ട് ബസിന് കല്ലെറിയുന്ന പോലെ വെറുതെ എറിഞ്ഞു പോകുന്നവരുണ്ട്. ജലീല്‍ മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഒന്നുമല്ല. മുസ്ലിം ലീഗൊരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ആ രാഷ്ട്രീയ പാര്‍ട്ടിയെ ഉത്തരവാദിത്തപ്പെട്ട സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ എതിര്‍ക്കുമ്പോഴല്ലേ ഞങ്ങള്‍ മറുപടി പറയേണ്ടതുള്ളൂ. ഒരു വ്യക്തി വന്ന് വഴിയെ പോകുന്നവരെയൊക്കെ ചീത്ത പറഞ്ഞാല്‍ നമ്മള്‍ അയാളെ എന്താണ് വിളിക്കുക? സ്വാഭാവികമായിട്ടും അങ്ങനെ കണ്ടാല്‍ മതി,'' പി.എം.എ സലാം പറഞ്ഞു. ഏതന്വേഷണം എവിടെ നടന്നാലും മുസ്ലിം ലീഗിന് പ്രശ്‌നമില്ലെന്നും പി.എം. സലാം കൂട്ടിച്ചേര്‍ത്തു.

അതേസമയം ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് കെ.ടി ജലീല്‍ പറഞ്ഞു.

മലപ്പുറത്തെ എ.ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടി കള്ളപ്പണം നിക്ഷേപിച്ചെന്ന് ഇ.ഡിക്ക് പരാതിയും തെളിവും നല്‍കിയ കെ.ടി ജലീലിനെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി എനിക്ക് പിതൃതുല്യനാണെന്ന് പറഞ്ഞ കെ.ടി ജലീല്‍ അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ അന്വേഷണം നടക്കുമ്പോള്‍ സാധാരണ നിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

'' കെ.ടി ജലീല്‍ ഇ.ഡി ചോദ്യം ചെയ്തയാളാണല്ലോ? ആ ചോദ്യം ചെയ്യലോടെ ഇ.ഡിയില്‍ കുറേക്കൂടി വിശ്വാസം അദ്ദേഹത്തിന് വന്നിട്ടുണ്ടെന്ന് തോന്നുന്നു,'' എന്നാണ് മുഖ്യമന്ത്രി പരിഹാസ രൂപേണ പറഞ്ഞത്.

കേരളത്തിലെ സഹകരണ മേഖല ഇ.ഡിയൊന്നും കൈകാര്യം ചെയ്യേണ്ട, ഇവിടെ അന്വേഷിക്കാന്‍ ആവശ്യമായ സംവിധാനങ്ങളുണ്ട് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ സൈബര്‍ ഇടങ്ങളില്‍ കെ.ടി ജലീലിനെതിരെ പരിഹാസം ശക്തമായിരുന്നു. ഇതിന് ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാംമെന്നാണ് ജലീല്‍ മറുപടി നല്‍കിയത്.

ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്‍കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.

മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in