ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുറക്കും, സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍

ഒക്ടോബര്‍ നാലിന് കോളേജുകള്‍ തുറക്കും, സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടെക്‌നിക്കല്‍, പോളി ടെക്‌നിക്ക്, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളാണ് ഉടന്‍ തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

റസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കും. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടായിരിക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക.

ഒക്ടോബര്‍ നാലു മുതല്‍ ടെക്‌നിക്കല്‍, പോളി ടെക്‌നിക്ക്, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ബിരുദ-ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായിരിക്കും ഈ ഘട്ടത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോവുകയെന്നും, ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്ത അധ്യാപകരും വിദ്യാര്‍ത്ഥികളും മാത്രമേ പോകേണ്ടതുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.

അധ്യാപകരും വിദ്യാര്‍ത്ഥികളും ഒന്നാം ഡോസ് വാക്‌സിന്‍ ഈ ആഴ്ച തന്നെ എടുക്കേണ്ടതാണ്. അവര്‍ക്ക് അതിനുള്ള മുന്‍ഗണന നല്‍കും. രണ്ടാം ഡോസിന് അര്‍ഹതയുള്ളവര്‍ ഉണ്ടെങ്കില്‍ അതും പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ സ്‌കൂള്‍ അധ്യാപകരും വാക്‌സിന്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ ഈ ഘട്ടത്തില്‍ തന്നെ അത് പൂര്‍ത്തീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in