ഹൗഡി മോദിക്ക് ശേഷം മോദി വീണ്ടും അമേരിക്കയിലേക്ക്; ബൈഡനെ കാണും, ഉറ്റുനോക്കി ലോകം

ഹൗഡി മോദിക്ക് ശേഷം മോദി വീണ്ടും അമേരിക്കയിലേക്ക്; ബൈഡനെ കാണും, ഉറ്റുനോക്കി ലോകം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശനത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഈ മാസം 22 മുതല്‍ 27 വരെയാണ് മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനം സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സന്ദര്‍ശനം നടക്കുകയാണെങ്കില്‍ ജോ ബൈഡന്‍ അമേരിക്ക പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാകും ഇത്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മോദി ബൈഡനുമായി മുന്നോളം വെര്‍ച്ച്വല്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ക്വാഡ് സമ്മിറ്റ്, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഏപ്രിലിലെ സമ്മിറ്റ്, ജി-7 സമ്മിറ്റ് എന്നിവയിലാണ് ഇരുവരും വെര്‍ച്ച്വലായി സംസാരിച്ചത്.

ജി-7 സമ്മിറ്റില്‍ ബ്രിട്ടനില്‍ വെച്ച് മോദിയും ബൈഡനും നേരില്‍ കാണുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കൊവിഡ് കാരണം സമ്മിറ്റ് വെര്‍ച്ച്വലാക്കുകയായിരുന്നു.

അഫ്ഗാന്‍ പ്രശ്‌നം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. താലിബാന്‍ സര്‍ക്കാരിനോടുള്ള ഇന്ത്യന്‍ നിലപാട് എന്തായിരിക്കുമെന്ന് കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ബൈഡനു പുറമെ അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥരെയും മോദി കാണുമെന്നാണ് കരുതുന്നത്. 2019 സെപ്തംബറില്‍ മോദി അമേരിക്ക സന്ദര്‍ശിച്ചിരുന്നു. മോദിയും ട്രംപും തമ്മിലുള്ള ഹൗഡി മോദി സംഭാഷണം വലിയ ചര്‍ച്ചയുമായിരുന്നു. ഹൗഡി മോദി സമ്മിറ്റിനിടെ പ്രധാനമന്ത്രി അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ ( ഇത് ട്രംപ് സര്‍ക്കാരിന്റെ സമയമാണ്) എന്ന് പറഞ്ഞത് ഡെമോക്രാറ്റുകള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന സംഭാഷണത്തില്‍ ട്രംപിനെ മോദി പിന്താങ്ങിയതാണോ എന്ന തരത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു. അതേസമയം അമേരിക്ക- ഇന്ത്യ നയതന്ത്രം മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്ന വിലയിരുത്തലുകളുമുണ്ട്.

ഇരുകക്ഷികള്‍ക്കും ഗുണകരമായ രീതിയില്‍ ബന്ധം മുന്നോട്ട് കൊണ്ടു പോകാനാണ് അമേരിക്ക പദ്ധതിയിടുന്നത് എന്ന വിലയിരുത്തലുകളാണ് ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്ന സന്ദര്‍ഭങ്ങളിലൊന്നും ബൈഡന്‍ പ്രതികരിച്ചിരുന്നില്ല.

Related Stories

No stories found.
The Cue
www.thecue.in