ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ രഹസ്യ തുരങ്കം; ചെങ്കോട്ട വരെ നീളം

ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ രഹസ്യ തുരങ്കം; ചെങ്കോട്ട വരെ നീളം

ഡല്‍ഹി നിയമസഭാ മന്ദിരത്തിനടിയില്‍ രഹസ്യതുരങ്കം കണ്ടെത്തി. ചെങ്കോട്ട വരെ നീളമുള്ളതാണ് തുരങ്കം. ബ്രിട്ടീഷ് ഭരണ കാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുവരുമ്പോള്‍ ആക്രമണവും മറ്റും ഒഴിവാക്കുന്നതിനായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാകാം ഇതെന്നാണ് കരുതുന്നതെന്ന് സ്പീക്കര്‍ റാം നിവാസ് ഗോയല്‍ പറഞ്ഞു.

ഒരാള്‍ക്ക് കഷ്ടി നടക്കാനാകുന്ന രീതിയിലാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. തൂക്കിലേറ്റാനുള്ള മുറിയും ഇതിലുണ്ട്. 1993ല്‍ എം.എല്‍.എയായപ്പോള്‍ ഇങ്ങനെയൊരു തുരങ്കം ഉണ്ടെന്ന് കേട്ടിരുന്നു. അതിന്റെ ചരിത്രത്തെ കുറിച്ച് അന്വേഷിക്കാന്‍ ശ്രമിച്ചുവെങ്കിലും വ്യക്തത ലഭിച്ചിരുന്നില്ലെന്നും ഗോയല്‍ പറഞ്ഞു.

ഡല്‍ഹി നിയമസഭാ മന്ദിരത്തിന്റെ ചരിത്രത്തെ കുറിച്ചും സ്പീക്കര്‍ സംസാരിച്ചു. '1912 ലാണ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയത്. അന്ന് മുതല്‍ സെന്‍ട്രല്‍ നിയമസഭ പ്രവര്‍ത്തിച്ചത് ഇവിടെയാണ്.1926 ല്‍ നിയമസഭ മന്ദിരം കോടതിയാക്കി മാറ്റി. ഇവിടേക്ക് തടവുകാരെ തുരങ്കം വഴി എത്തിച്ചിരിക്കാമെന്നാണ് നിഗമനം.

ഒരാള്‍ക്ക് കഷ്ടിച്ച് നടക്കാവുന്ന രീതിയിലാണ് തുരങ്ക നിര്‍മാണം. കാലപ്പഴക്കം കൊണ്ട് തുരങ്കം നശിച്ചിട്ടുണ്ട്. മെട്രോ റെയിലും മലിന ജല സംവിധാനങ്ങളും കാരണം തുരങ്കത്തിനുള്ളില്‍ ആഴത്തിലുള്ള പരിശോധന സാധ്യമല്ലെന്നും സ്പീക്കര്‍പറഞ്ഞു. നവീകരിച്ച് അടുത്ത വര്‍ഷം ഓഗസ്റ്റ് 15 ന് മുന്‍പ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. തൂക്കിലേറ്റാനായി ഉപയോഗിച്ച മുറി തുറന്ന് പരിശോധിച്ച് സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമര്‍പ്പിക്കാനുള്ള സ്ഥലമായി രൂപമാറ്റം വരുത്താനാണ് തീരുമാനം', ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
The Cue
www.thecue.in