യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചത് യോഗ്യത പരിഗണിച്ച്, നിയമനം മരവിപ്പിച്ചതില്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍

യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചത് യോഗ്യത പരിഗണിച്ച്, നിയമനം മരവിപ്പിച്ചതില്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍

യോഗ്യതയുള്ളതുകൊണ്ടാണ് തന്നെ യൂത്ത് കോണ്‍ഗ്രസ് വക്താവായി തെരഞ്ഞെടുത്തതെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍. യൂത്ത് കോണ്‍ഗ്രസ് വക്താവാക്കിയ നടപടി മരവിപ്പിച്ച് കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മക്കള്‍ രാഷ്ട്രീയമെന്ന ആരോപണവും അര്‍ജുന്‍ തള്ളി.

മരവിപ്പിച്ചുവെന്ന വാര്‍ത്ത പോലും താന്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പട്ടിക മരവിപ്പിച്ചതില്‍ പരിഭവമില്ലെന്നും അര്‍ജുന്‍ പ്രതികരിച്ചു.

' ദേശീയ വക്താവ് ആയിട്ടായിരുന്നു പോസ്റ്റിംഗ് വന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഒരു ക്യാംപയിന്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി ആ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അതില്‍ പങ്കെടുക്കുന്നതിന് ഓരോ വിഷയത്തെക്കുറിച്ച് വീഡിയോ അയച്ചുകൊടുത്തിരുന്നു. അങ്ങനെ അവരെല്ലാം കണ്ട്, അതില്‍ നിന്ന് കുറച്ച് പേരെ തെരഞ്ഞെടുത്തിരുന്നു. അതിന്റെ അകത്ത് എനിക്കും അവസരം തന്നതാണ്,' അര്‍ജുന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഭാരവാഹി അല്ലെങ്കിലും താന്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും അര്‍ജുന്‍ പറഞ്ഞു. ആര്‍ക്ക് വേണമെങ്കിലും എതിര്‍ക്കാമെന്നും ചിലപ്പോള്‍ വേറെ ഒരാളുടെ അവസരം കളഞ്ഞു വരുന്നു എന്നുള്ളതുകൊണ്ടായിരിക്കും. എന്നാല്‍ താന്‍ പൂര്‍ണമായും യോഗ്യതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതാണെന്നും അര്‍ജുന്‍ പറഞ്ഞു.

അര്‍ജുന് വേണ്ടി ചിലര്‍ സമ്മര്‍ദം ചെലുത്തിയതുകൊണ്ടാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചത് എന്നാണ് ഉയര്‍ന്നിരുന്ന പ്രധാനപ്പെട്ട ആരോപണം. ഗ്രൂപ്പ് ഭേദമന്യേ അര്‍ജുനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, സിനി ജോസ് തുടങ്ങിയവരാണ് അര്‍ജുനൊപ്പം തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍.

Related Stories

No stories found.
The Cue
www.thecue.in