കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഫെയ്‌സ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ച് പിതാവ്; മണിക്കൂറിനുള്ളില്‍ സഹായമെത്തിച്ച് ആരോഗ്യമന്ത്രി

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഫെയ്‌സ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ച് പിതാവ്; മണിക്കൂറിനുള്ളില്‍ സഹായമെത്തിച്ച് ആരോഗ്യമന്ത്രി

ഫെയ്‌സ്ബുക്കിലൂടെ സഹായമഭ്യര്‍ത്ഥിച്ച് സന്ദേശമയച്ച ആള്‍ക്ക് മണിക്കൂറിനുള്ളില്‍ സഹായം എത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൃദയ സംബന്ധമായ രോഗം മൂര്‍ച്ഛിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചായിരുന്നു കണ്ണൂര്‍ സ്വദേശി ഷാനവാസ് മന്ത്രിക്ക് സന്ദേശം അയച്ചത്.

ഷാനവാസിന്റെയും ഷംസീറയുടെയും മകന്‍ ഹൈസിന് ഷാന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്ന ധമനികള്‍ക്ക് തകരാറ് സംഭവിക്കുകയായിരുന്നു. മറ്റ് പ്രതീക്ഷകളൊന്നും ഇല്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കൈ ഒഴിഞ്ഞതോടെയാണ് ഷാനവാസ് മന്ത്രിക്ക് സന്ദേശമയച്ചത്. ഷാനവാസും ഭാര്യയും കൊവിഡ് പോസിറ്റീവ് ആയി കണ്ണൂരില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മകന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും, കേരള സര്‍ക്കാര്‍ ഹൃദയം പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു. സന്ദേശമയച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ മന്ത്രി ഇടപെടുകയും വേണ്ട സജ്ജീകരണങ്ങള്‍ തയ്യാറാക്കി കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

മെസേജ് അയച്ച് അരമണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ മന്ത്രി കുഞ്ഞിനെ അമൃതയിലേക്ക് മാറ്റുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തിരുന്നുവെന്ന് ഷാനവാസ് പറഞ്ഞു. അമൃതയിലേക്ക് മാറ്റുന്നതിന് വേണ്ടി ആശുപത്രിക്ക് തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയം മാത്രമാണ് ആവശ്യമായി വന്നത്. മന്ത്രി ഇടപെട്ട വിവരം പിറ്റേ ദിവസം മന്ത്രി നേരിട്ട് വിളിച്ചപ്പോഴാണ് അറിഞ്ഞത്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ട്, പക്ഷെ ഇപ്പോഴും ഗുരുതരാവസ്ഥയിലാണെന്നും ഷാനവാസ് മാതൃഭൂമിയോട് പറഞ്ഞു.

The Cue
www.thecue.in