വി.എസ് കാലത്തെ വോട്ടെവിടെപ്പോയി; തുടര്‍ഭരണം ലഭിച്ചെങ്കിലും ആശങ്കയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി

വി.എസ് കാലത്തെ വോട്ടെവിടെപ്പോയി; തുടര്‍ഭരണം ലഭിച്ചെങ്കിലും ആശങ്കയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി

ഇടതുപക്ഷം കേരളത്തില്‍ തുടര്‍ഭരണം നേടിയെങ്കിലും സിപിഐഎമ്മിന്റെ വോട്ടുവിഹിതത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര കമ്മിറ്റി. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട 2006ലെ വോട്ടിങ്ങ് ശതമാനം 2016ലും 2021ലും എല്‍ഡിഎഫിന് നേടാന്‍ കഴിഞ്ഞില്ലെന്നാണ് കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്.

2006ല്‍ 48.63 ശതമാനം വോട്ടാണ് ലഭിച്ചത്. അതേസമയം ഭരണവിരുദ്ധ വികാരമില്ലാതിരുന്ന 2021 ല്‍ 45.28 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 2016ല്‍ ഇത് 43.35 ശതമാനമായിരുന്നു. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും ഇടതുപക്ഷത്തിനൊപ്പം ഇത്തവണ എത്തിയിട്ടും വോട്ട് ശതമാനം കൂട്ടാന്‍ കഴിയാത്തതിലാണ് ആശങ്ക.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും 2006ലെ അത്ര ജനപിന്തുണ ആര്‍ജിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും കേന്ദ്ര കമ്മിറ്റി ചോദിക്കുന്നു. നിരവധി അനുകൂലഘടകങ്ങള്‍ ഉണ്ടായിട്ടും പതിനഞ്ച് വര്‍ഷം മുന്‍പുള്ള വോട്ട് വിഹിതം ഇക്കുറി നേടാനാകാത്തത് ഗൗരവമേറിയതാണ് എന്നാണ് കേന്ദ്ര കമ്മിറ്റി വിലയിരുത്തുന്നത്. ഈ കണക്കുകള്‍ മുന്‍നിര്‍ത്തി കാരണം കണ്ടെത്തി പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കണമെന്നും കേന്ദ്ര കമ്മിറ്റി പറയുന്നു.

'' പാര്‍ട്ടിയംഗങ്ങളില്‍ പാര്‍ലമെന്ററി വ്യാമോഹവും അധികാരക്കൊതിയും നിലനില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് കണ്ട വിഭാഗീയതയും പ്രതിഷേധ പ്രകടനങ്ങളും ഇതിന്റെ തെളിവാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ കര്‍ശനമായ തിരുത്തല്‍ നടപടികളുണ്ടാകണമെന്നും കീഴ്ഘടകങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ജില്ലയില്‍ വോട്ട് കുറഞ്ഞതും ചര്‍ച്ചയായി.

Related Stories

No stories found.
logo
The Cue
www.thecue.in