സ്വര്‍ണക്കടത്ത് കേസ്; കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ

സ്വര്‍ണക്കടത്ത് കേസ്; കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന് താത്കാലിക സ്‌റ്റേ. ജുഡീഷ്യല്‍ അന്വേഷണം ചോദ്യം ചെയ്ത് ഇഡി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചതിന് ശേഷം കോടതി വിശദമായ വാദം കേള്‍ക്കും.

ജുഡീഷ്യല്‍ കമ്മീഷനെതിരായ ഇഡിയുടെ ഹരജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് തള്ളിയാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഇഡി കൊച്ചി സോണല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടറാണ് ജുഡീഷ്യല്‍ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഹരജി നല്‍കിയത്. ഇത്തരത്തില്‍ ഒരു അന്വേഷണം പ്രഖ്യാപിക്കുന്നത് കേന്ദ്ര അന്വേഷണത്തില്‍ ഇടപെടുന്നതിന് തുല്യമാണ്. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷനെ നിയോഗിച്ച് ഉത്തരവിറക്കിയതെന്നും ഇഡി ആരോപിച്ചിരുന്നു.

നേരത്തെ ഇഡിക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈം ബ്രാഞ്ച് അന്വേഷണവും ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in