നിശ്ചിത പ്രായത്തിലെത്തുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ചതിക്കുഴികള്‍ ഒരുക്കി ഒരു കൂട്ടര്‍ നീങ്ങുന്നു; മുഖ്യമന്ത്രി നിയമസഭയില്‍

നിശ്ചിത പ്രായത്തിലെത്തുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ചതിക്കുഴികള്‍ ഒരുക്കി ഒരു കൂട്ടര്‍ നീങ്ങുന്നു; മുഖ്യമന്ത്രി നിയമസഭയില്‍

നിശ്ചിത പ്രായത്തിലെത്തുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അതിവിപുലമായ ചതിക്കുഴികള്‍ ഒരുക്കി ഒരു കൂട്ടര്‍ നീങ്ങുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍. പിടി തോമസ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂരിലെ ഡെന്റല്‍ സയന്‍സ് വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം പരാമര്‍ശിച്ചാണ് സൈബറിടവുമായി ബന്ധപ്പെട്ട പിടി തോമസിന്റെ ചോദ്യം.

'' സൈബര്‍ ഇടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് വലിയൊരു ബോധവത്കരണം കൂടി വേണം. മാനസ എന്ന കുട്ടിയെ കൊലപ്പെടുത്തിയതും പെട്രോള്‍ ഒഴിച്ച് കത്തിച്ച കേസുകളുമൊക്കെ മാനസിക പ്രശ്‌നങ്ങള്‍ കൂടിയാണ്. ഇത്തരം കേസുകളില്‍ മാനസിക ആരോഗ്യ വിദ്ഗധന്മാരുടെ സേവനം വേണം.

അതിനനുസൃതമായി പൊലീസ് സേനയേയും പരിശീലിപ്പിക്കണം. ഇത്തരം കേസു വന്നാല്‍ മാനസിക ആരോഗ്യ പ്രശ്‌നമായികൂടി കണ്ടുള്ള ഇടപെടല്‍ നടത്തുമോ? ഒരു ആനപ്പകപോലെയാണ് കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്നായിരുന്നു പിടി തോമസ് പറഞ്ഞത്. ഇതിന് മറുപടിയായാണ് സൈബര്‍ ചതിക്കുഴികളെക്കുറിച്ച് മുഖ്യമന്ത്രിയും പരാമര്‍ശിച്ചത്.

''അതിവിപുലമായ ചതിക്കുഴികള്‍ ഒരുക്കി ഒരു കൂട്ടര്‍ നിങ്ങുകയാണ്. ഇത് വളരെ ഗൗരവമായി ശ്രദ്ധിക്കേണ്ട കാര്യമാണ്. നമ്മുടെ പെണ്‍കുട്ടികള്‍ ഒരു നിശ്ചിത പ്രായത്തിലെത്തുമ്പോള്‍ ചതിക്കുഴിയില്‍ വീഴ്ത്താനുള്ള ശ്രമമാണ് ഇത്തരം കൂട്ടര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ പ്രശ്‌നം കേവലം സൈബര്‍ രീതിയില്‍ മാത്രം കൈകാര്യം ചെയ്താല്‍ പോര. മാനസികമായി ഈ കുട്ടി അടിപ്പെട്ടുപോയിട്ടുണ്ട്. ആ തരത്തിലാണ് പല പെട്ടുപോയ കുട്ടികളെയും രക്ഷപ്പെടുത്തിയിട്ടുള്ളത്. തീര്‍ച്ചയായും അത് ചെയ്യേണ്ട കാര്യം തന്നെയാണ്,'' മുഖ്യമന്ത്രി പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ അപരിചിതരുമായി അടുപ്പം സ്ഥാപിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന ജാഗ്രതക്കുറവിന്റെ ഉദാഹരണമാണ് കോതമംഗലം നെല്ലിക്കുഴിയിലെ സംഭവമെന്ന് പറഞ്ഞ എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ പരാമര്‍ശം വലിയ വിവാദമായിരുന്നു. കാര്‍ത്തിക്കിന്റെ പരാമാര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

പെണ്‍കുട്ടികളുടെ ജാഗ്രതക്കുറവിന് ഉദാഹരണമാണ് മാനസയുടെ കൊലപാതകമെന്നാണ് കെ. കാര്‍ത്തിക് പറഞ്ഞത്. യുവാവ് മരിച്ചതോടെ കേസ് ദുര്‍ബലമായെന്നും കാര്‍ത്തിക് പറഞ്ഞിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ അപരിചിതരുമായി അടുപ്പം സ്ഥാപിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന ജാഗ്രതക്കുറവിന് ഉദാഹരണമാണ് കോതമംഗലം നെല്ലിക്കുഴിയിലെ സംഭവം.

പൊലീസ് എത്രയോ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതൊന്നും പലരും കണക്കിലെടുക്കുന്നില്ല. തങ്ങള്‍ക്ക് ചതി പറ്റില്ലെന്നാണ് ഓരോരുത്തരും കരുതുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ അടുപ്പം തുടങ്ങിയത്. യുവാവും മരിച്ചതോടെ കേസ് ദുര്‍ബലമായി. തോക്ക് എവിടെ നിന്ന് കിട്ടിയെന്ന ദുരൂഹതയാണ് ബാക്കിയുള്ളത്. അത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്,' എന്നായിരുന്നു കെ. കാര്‍ത്തിക്കിന്റെ പ്രതികരണം. പരാമര്‍ശത്തിന് പിന്നാലെ കേരള പൊലീസിന് ജെന്‍ഡര്‍ സെന്‍സിറ്റിവിറ്റി ട്രെയിനിങ്ങ് കൊടുക്കണമെന്നുള്ള നിര്‍ദേശമുള്‍പ്പെടെ ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in