'ബിജെപി=ആനമുട്ട' എന്ന് കണ്ടപ്പോള്‍ ഒരു മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നി: അരുന്ധതി റോയ്

'ബിജെപി=ആനമുട്ട' എന്ന് കണ്ടപ്പോള്‍ ഒരു മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നി: അരുന്ധതി റോയ്

കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ സീറ്റും ലഭിച്ചില്ലെന്ന് അറിഞ്ഞപ്പോള്‍ ഒരു മലയാളി എന്ന നിലയില്‍ അഭിമാനം തോന്നിയെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കി അഭിമുഖത്തിലായിരുന്നു അരുന്ധതി റോയിയുടെ പ്രതികരണം.

'എന്റെ സിസ്റ്റര്‍-ഇന്‍-ലോ തെരഞ്ഞെടുപ്പ് സമയത്ത് 'ബിജെപി=ആനമുട്ട' എന്ന മെസേജ് അയച്ചപ്പോള്‍ മലയാളി എന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നി. പിന്നെ ഒരു ബിജെപി നേതാവ്, അദ്ദേഹത്തിന്റെ പേര് മറന്നു പോയി. മലയാളികള്‍ സമര്‍ഥരും വിദ്യാഭ്യാസ മുള്ളവരും ആണ് അതുകൊണ്ട് ഇവിടെ വെറുതെ സമയം പാഴാക്കേണ്ട എന്ന് പറഞ്ഞത് കേട്ടപ്പോഴും മലയാളിയായതില്‍ അഭിമാനം തോന്നിയിട്ടുണ്ട്,' അരുന്ധതി റോയ് പറഞ്ഞു.

'ബിജെപി=ആനമുട്ട' എന്ന് കണ്ടപ്പോള്‍ ഒരു മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നി: അരുന്ധതി റോയ്
'ഇത് സ്വയം നശിക്കാനുള്ള വഴിയാണ്'; കേരളത്തിലെ തുടര്‍ഭരണം സിപിഎമ്മിന് ദോഷം ചെയ്യുമെന്ന് അരുന്ധതി റോയ്

ക്രൂരരും കൊലപാതകികളും വിജ്ഞാന വിരോധികളുമായ ഒരു പറ്റം ഭരണാധികരികളാല്‍ ഭരിക്കപ്പെടുന്ന വിഡ്ഢികളുടെ രാജ്യമായി ഇന്ത്യ മാറുമോ എന്ന് ഭയപ്പെടുന്നതായും അരുന്ധതി റോയ് അഭിമുഖത്തില്‍ പറഞ്ഞു.

പ്രാകൃതമായ ആചാരങ്ങള്‍ തിരിച്ചു വന്നുകൊണ്ടിരിക്കുന്ന സ്ഥലമായി ഇന്ത്യ മാറുമ്പോള്‍ താങ്കളെ ഭയപ്പെടുത്തുന്ന ചിന്തകള്‍ എന്തൊക്കെയാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

'മനപൂര്‍വ്വം പിന്നാക്കം മാറ്റപ്പെട്ടും ശാക്തീകരിക്കപ്പെടാതെയും ജീവിക്കുന്ന ജനങ്ങളാല്‍ വോട്ട് ചെയ്യപ്പെട്ട് അധികാരത്തിലേറിയ ക്രൂരരും കൊലപാതകികളും വിജ്ഞാന വിരോധികളുമായ ഒരു പറ്റം ഭരണാധികാരികളാല്‍ ഭരിക്കപ്പെടുന്ന വിഡ്ഢികളുടെ രാജ്യം ശാശ്വതമായി ഉണ്ടാകും എന്നതാണ് എന്റെ ഭയം. അവരെ ആരാധിക്കുകയും വോട്ടു ചെയ്യുകയും ചെയ്യുന്ന ജനങ്ങളെ തന്നെയാണ് അവര്‍ ഏറ്റവും കൂടുതല്‍ ദ്രോഹിക്കുന്നത്,' അരുന്ധതി റോയ് പറഞ്ഞു.

കേരളം സംഘപരിവാറിനും അതിന്റെ ഹിന്ദുരാഷ്ട്ര പ്രോജക്ടിനുമെതിരെ ശക്തമായി നിലകൊള്ളുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സിപിഎമ്മിലെതന്നെ ചില വിഭാഗങ്ങള്‍ ഉള്‍പ്പെടെ ഇസ്ലാമോഫോബിയയുടെ അസ്വസ്ഥകരമായ അടയാളങ്ങള്‍ കാണിക്കുന്നുണ്ട്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ജാതി ചിന്തകളെ ചോദ്യം ചെയ്യാന്‍ കഴിയാത്തത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒരു ദുരന്തമാണെന്നും അരുന്ധതി റോയ് പ്രതികരിച്ചു.

The Cue
www.thecue.in