കുട്ടന്‍പിള്ള പൊലീസിന്റെ കാലത്തേക്ക് കേരള പൊലീസിനെ പിണറായി സര്‍ക്കാര്‍ എത്തിച്ചു; പെറ്റി സര്‍ക്കാരാണിതെന്ന് വിഡി സതീശന്‍

കുട്ടന്‍പിള്ള പൊലീസിന്റെ കാലത്തേക്ക് കേരള പൊലീസിനെ പിണറായി സര്‍ക്കാര്‍ എത്തിച്ചു; പെറ്റി സര്‍ക്കാരാണിതെന്ന് വിഡി സതീശന്‍

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നു പ്രഖ്യാപിച്ച ശേഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

പുതിയ ഉത്തരവിലൂടെ ആരെയും തടഞ്ഞുനിര്‍ത്തി പിഴ ഈടാക്കാന്‍ പൊലീസിന് എല്ലാ അധികാരവും നല്‍കിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണ ഉത്തരവിന്റെ മറവില്‍ പെറ്റിയടിച്ച് ജനത്തെ കൊള്ളയടിക്കാന്‍ പൊലീസിന് അവസരമുണ്ടാക്കിക്കൊടുത്ത സര്‍ക്കാര്‍ നിലപാട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 57.86 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ പോലും ലഭിച്ചിട്ടില്ല. വാകിസന്‍ എടുത്തവരില്‍ 45 വയസിനു താഴെ പ്രായമുള്ളവരുടെ എണ്ണവും കുറവാണ്.

റിവേഴ്സ് ക്വാറന്റീനില്‍ ഇരിക്കേണ്ട 60 വയസിനു മുകളിലുള്ളവര്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോകുകയും ചെറുപ്പക്കാര്‍ വീട്ടില്‍ ഇരിക്കേണ്ടി വരുകയും ചെയ്യുന്ന സാഹചര്യമാകും പുതിയ ഉത്തരവ് സംസ്ഥാനത്തുണ്ടാക്കുക. ഒരു തുണിക്കടയില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് ഒരു മാസം 5000 രൂപയെങ്കിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് മാറ്റിവയ്ക്കേണ്ട സ്ഥിതിയാണ്.

50 കൊല്ലം മുന്‍പുള്ള കുട്ടന്‍പിള്ള പൊലസിന്റെ കാലത്തേക്ക് കേരള പൊലീസിനെ പിണറായി സര്‍ക്കാര്‍ എത്തിച്ചിരിക്കുകയാണ്. 'പെറ്റി സര്‍ക്കാര്‍' എന്ന പേരിലാകും ഈ സര്‍ക്കാര്‍ ചരിത്രത്തില്‍ അറിയപ്പെടുക- വി.ഡി സതീശന്‍ പറഞ്ഞു.

സംസ്ഥാനത്തെ പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങള്‍ മാറ്റില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു വീണാ ജോര്‍ജ്. സുപ്രീം കോടതി വിധി കൂടി പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടകളില്‍ പോകുന്നതിന് ഒരു ഡോസ് വാക്‌സിന്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ തുടരുമെന്നും വീണാ ജോര്‍ജ് സഭയില്‍ പറഞ്ഞു.

ജനങ്ങളുടെ ജീവനും, ജീവനോപാധിയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പെരുന്നാളിന് ഇളവ് നല്‍കിയ സുപ്രീം കോടതി ഉത്തരവ് പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍. ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാകില്ല, വീണാ ജോര്‍ജ് പറഞ്ഞു. വകഭേദം വന്ന ഡെല്‍റ്റാ വൈറസാണ് രണ്ടാം തരംഗത്തില്‍ പടരുന്നതെന്നും രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
The Cue
www.thecue.in