കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം നിരന്തര സമരം; സമരങ്ങള്‍ നടത്തുന്നത് ശിക്ഷയുണ്ടാകുമെന്ന് അറിഞ്ഞുതന്നെയെന്ന് ശിവന്‍കുട്ടി

കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം നിരന്തര സമരം; സമരങ്ങള്‍ നടത്തുന്നത് ശിക്ഷയുണ്ടാകുമെന്ന് അറിഞ്ഞുതന്നെയെന്ന് ശിവന്‍കുട്ടി

നിയമസഭാ കയ്യാങ്കളിക്കേസില്‍ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. സുപ്രീം കോടതി വിധി പൂര്‍ണമായി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ ശിവന്‍കുട്ടി ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതം നിരന്തര സമരമാണെന്ന് പറഞ്ഞു.

ഈ സമൂഹത്തിലെ അഴിമതിക്കും അനീതിക്കും എതിരെ ആണ് സമരങ്ങള്‍. വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍ എത്രയോ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനു പലപ്പോഴും ശിക്ഷ നേരിടേണ്ടി വന്നിട്ടുണ്ട്. ശിക്ഷ നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് സമരങ്ങള്‍ നടത്തുന്നത്, ശിവന്‍ കുട്ടി പറഞ്ഞു.

''ഒരു സമരം എന്നത് ഭരണകൂടത്തിനും ചൂഷണാധിഷ്ഠിത സമൂഹത്തിനും എതിരെ ആണ്. അപ്പോള്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായെന്ന് വരും. അതു കൊണ്ട് തന്നെ ഒരു ജനാധിപത്യ രാജ്യത്ത് കോടതി ഇടപെടല്‍ ഉണ്ടായെന്ന് വരും. കോടതി വിധി പൂര്‍ണമായി അംഗീകരിക്കുകയും വിചാരണ നേരിടുകയും ചെയ്യും,'' ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന്റെ ഹരജി തള്ളുകയായിരുന്നു.

ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ല, കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിയമസഭയില്‍ നടന്നത് ക്രിമിനല്‍ നടപടിയാണ്. അതുകൊണ്ട് തന്നെ അത് അവസാനിപ്പിക്കാനുള്ള അവകാശം സര്‍ക്കാരിനില്ല. ക്രിമിനില്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ജനപ്രതിനിധികള്‍ക്ക് എപ്പോഴും പ്രത്യേക പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും ബെഞ്ച് പറഞ്ഞു. ഇതോടെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുള്‍പ്പെടെയുള്ളവര്‍ കേസില്‍ വിചാരണ നേരിടേണ്ടി വരും. കെടി.ജലീല്‍, ഇ.പി ജയരാജന്‍, സികെ സദാശിവന്‍, കെ.അജിത്ത് തുടങ്ങിയവരും കേസില്‍ വിചാരണ നേരിടണമെന്നും കോടതി പറഞ്ഞിരുന്നു.

അതേസമയം നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു. വിചാരണ നേരിടുമ്പോള്‍ മന്ത്രിയായി തുടരുന്നത് ധാര്‍മ്മികമായും നിയമപരമായും ശരിയല്ല എന്നായിരുന്നു വിഡി സതീശന്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in