ജോസ് വിളിച്ചിരുന്നു; ആസൂത്രണ ബോര്‍ഡില്‍ മുഴുവന്‍ സമയ അംഗമാകാനാകില്ലെന്ന് അറിയിച്ചു; വിവാദങ്ങളോട് പ്രതികരിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര

ജോസ് വിളിച്ചിരുന്നു; ആസൂത്രണ ബോര്‍ഡില്‍ മുഴുവന്‍ സമയ അംഗമാകാനാകില്ലെന്ന് അറിയിച്ചു; വിവാദങ്ങളോട്  പ്രതികരിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര

കോട്ടയം: സന്തോഷ് ജോര്‍ജ് കുളങ്ങരയെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായി നിയമിച്ചതില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി സന്തോഷ് ജോര്‍ജ് കുളങ്ങര. ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ല.

ആസൂത്രണ ബോര്‍ഡ് അംഗമാകുന്നതിനെക്കുറിച്ച് ചോദിച്ച് ജോസ്.കെ മാണി വിളിച്ചിരുന്നുവെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. മുഴുവന്‍ സമയ അംഗമാകാനാകില്ലെന്ന് അറിയിച്ചുവെന്നും ടൂറിസം മേഖലയില്‍ പരിചയമുള്ളവരെയായിരുന്നു വേണ്ടത് എന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

'' ഒരു പാര്‍ട്ടിയിലും അംഗത്വം എടുത്തിട്ടില്ല. ഏതെങ്കിലും പാര്‍ട്ടികള്‍ തന്റെ പേര് നിര്‍ദേശിച്ചിട്ടുണ്ടാകാം. ആസൂത്രണ ബോര്‍ഡ് അംഗമാകുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച് ജോസ്.കെ മാണി വിളിച്ചിരുന്നു. മുഴുവന്‍ സമയ അംഗമാകാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തെ അറിയിച്ചിരുന്നു,'' സിപിഐഎമ്മിന്റെ താത്പര്യ പ്രകാരം സന്തോഷ് ജോര്‍ജ് കുളങ്ങരയെ നിയമിച്ച് കേരള കോണ്‍ഗ്രസ് എമ്മിന്റെ പേരില്‍ അവതരിപ്പിക്കുന്നു എന്നാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ ഉയര്‍ന്നിരിക്കുന്ന വിവാദം.

കേരള കോണ്‍ഗ്രസ് എം സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ മുഴുവന്‍ സമയ അംഗത്തെ ആവശ്യപ്പെട്ടിരുന്നു. സന്തോഷ് ജോര്‍ജ് കുളങ്ങരയെ സിപിഐഎമ്മിന്റെ താത്പര്യ പ്രകാരം നിയമിച്ച് അവകാശം മാണി ഗ്രൂപ്പിന് കൈമാറുകയാണ് എന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്റെ താത്പര്യ പ്രകാരമാണ് സന്തോഷിനെ ആസൂത്രണ ബോര്‍ഡില്‍ എടുത്തത് എന്നാണ് പ്രധാന ആരോപണം. എന്നാല്‍ മുഹമ്മദ് റിയാസുമായി പല കാര്യങ്ങളും സംസാരിക്കാറുണ്ട്, ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര പ്രതികരിച്ചു. പ്രശസ്ത യാത്രികനായ സന്തോഷ് ജോര്‍ജ് കുളങ്ങരയെ ആസൂത്രണ ബോര്‍ഡ് അംഗമാക്കിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in