പെഗാസസില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി; നടക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പെഗാസസില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധി; നടക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പെഗാസസില്‍ സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍.

പെഗാസസുമായി ബന്ധപ്പെട്ട് എല്ലാവിഷയങ്ങളും സര്‍ക്കാര്‍ പരിശോധിച്ചുവെന്നും, അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ആരോപണം ഉന്നയിക്കുന്നവര്‍ രാഷ്ട്രീയ പരാജയമാണെന്നും അവര്‍ക്ക് മറ്റൊന്നും പറയാനില്ലെന്നും കേന്ദ്ര മന്ത്രി അജയ്കുമാര്‍ പറഞ്ഞു.

പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇന്ത്യയ് ക്കെതിരെ ഉപയോഗിച്ചുവെന്നും ഇത് രാജ്യദ്രോഹമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വിഷയത്തില്‍ ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നും സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.

പെഗാസസ് ഭീകരവാദികള്‍ക്കെതിരെ മാത്രം ഉപയോഗിക്കുകയുള്ളുവെന്ന് പറയുന്ന ഇസ്രയേലി സോഫ്റ്റ് വെയറാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇത് നമ്മുടെ രാജ്യത്തിനും ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്കുമെതിരായി ഉപയോഗിച്ചു. അവര്‍ ഇത് രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പെഗാസസില്‍ പാര്‍ലമെന്റില്‍ വിവാദം രൂക്ഷമാകവേ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കിയിരുന്നു. പെഗാസസ് റിപ്പോര്‍ട്ട് വ്യാജ വാര്‍ത്തയാണെന്നും മഞ്ഞ പത്രങ്ങളാണ് ഇതിന് പിന്നിലെന്നും ബിജെപി ആരോപിച്ചതിന് പിന്നാലെയാണ് ആംനസ്റ്റി പെഗാസസ് റിപ്പോര്‍ട്ടില്‍ നിന്ന് ഉറച്ചുനില്‍ക്കുന്നുവെന്ന് കാണിച്ച് പ്രസ്താവന ഇറക്കിയത്.

കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയാണ് റിപ്പോര്‍ട്ട് വ്യാജമാണെന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ആംനസ്റ്റി പ്രസ്താവനയും ഇറക്കിയത്. എന്‍.എസ്.ഒ ലക്ഷ്യംവെച്ച നമ്പറുകളാണ് പുറത്തായതെന്നും ആംനസ്റ്റി വ്യക്തമാക്കി. റിപ്പോര്‍ട്ടിനെതിരെ പരക്കെ ഉയരുന്ന വ്യാജ പ്രചരണങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും അനധികൃതമായി നിരീക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ അപ്രസക്തമാക്കാനും ദുര്‍ബലപ്പെടുത്താനുമാണെന്നും ആംനെസ്റ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Related Stories

No stories found.