'രമയുടെ മകനെ അധികകാലം വളര്‍ത്തില്ല', അഭിനന്ദ് ചന്ദ്രശേഖരന് റെഡ് ആര്‍മിയുടെ പേരില്‍ വധഭീഷണി

'രമയുടെ മകനെ അധികകാലം വളര്‍ത്തില്ല', അഭിനന്ദ് ചന്ദ്രശേഖരന് റെഡ് ആര്‍മിയുടെ പേരില്‍ വധഭീഷണി

വടകര എം.എല്‍.എ കെ.കെ.രമയുടെയും കൊല്ലപ്പെട്ട ആര്‍എംപി സ്ഥാപകന്‍ ടി.പി ചന്ദ്രശേഖരന്റെയും മകന്‍ അഭിനന്ദിന് വധഭീഷണി. കെ.കെ.രമയുടെ എം.എല്‍.എ ഓഫീസിലെ വിലാസത്തിലാണ് കത്ത്. ''രമയുടെ മകനെ അധിക കാലം വളര്‍ത്തില്ല, അവന്റെ മുഖം പൂങ്കുല പോലെ നടു റോഡില്‍ ചിന്നിച്ചിതറും... പി ജയരാജനും ഷംസീറും പറഞ്ഞിട്ടാണ് ഈ ക്വട്ടേഷന്‍ എന്ന് റെഡ് ആര്‍മി എന്ന പേരില്‍ അയച്ച കത്തില്‍ അവകാശപ്പെടുന്നു.

അഭിനന്ദ് ചന്ദ്രശേഖരനെയും ആര്‍എംപിഐ നേതാവ് എന്‍ വേണുവിനെയും വധിക്കുമെന്നാണ് കത്തിലെ ഭീഷണി. എന്‍.വേണു വടകര റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. റെഡ് ആര്‍മി കണ്ണൂര്‍ പിജെ ബോയ്‌സ് എന്നാണ് കത്തില്‍ വിലാസമായി എഴുതിയിരിക്കുന്നത്.

സിപിഎമ്മിനെതിരെ സംസാരിച്ച ടിപിയെ അമ്പത്തിയൊന്ന് വെട്ടിലാണ് തീര്‍ത്തതെങ്കില്‍ ഇവരെ 100 വെട്ടിന് തീര്‍ക്കുമെന്നും ഭീഷണിയിലുണ്ട്. 2012ല്‍ ടി.പി കൊല്ലപ്പെട്ടതിന് ശേഷം രമക്കും കുടുംബത്തിനും ഭീഷണി ഉണ്ടായിരുന്നു. സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സിപിഐഎം പകപോക്കലിന്റെ തെളിവാണ് ഭീഷണിക്കത്തെന്ന് എന്‍ വേണു പ്രതികരിച്ചു. ചന്ദ്രശേഖരനെ കുടുംബത്തെ പോലും വെറുതെ വിടില്ലെന്ന നിലപാടാണ് കത്തെന്നും എന്‍.വേണു.

No stories found.
The Cue
www.thecue.in