പെഗാസസില്‍ കത്തി വര്‍ഷകാല സമ്മേളനം; മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ ചോദിച്ചോളൂ, പക്ഷേ മറുപടി പറയാന്‍ അനുവദിക്കണമെന്ന് മോദി

പെഗാസസില്‍ കത്തി വര്‍ഷകാല സമ്മേളനം; മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ ചോദിച്ചോളൂ, പക്ഷേ മറുപടി പറയാന്‍ അനുവദിക്കണമെന്ന് മോദി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. പെഗാസസ് പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം വിഷയം ശക്തമായി സഭയില്‍ ഉന്നയിക്കും.

'' എല്ലാ പാര്‍ട്ടികളുടെ എംപിമാരോടും മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ ചോദിക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. പക്ഷേ സര്‍ക്കാരിനെ പ്രതികരിക്കാന്‍ കൂടി അനുവദിക്കണം. എങ്കില്‍ മാത്രമേ ജനാധിപത്യം ശക്തിപ്പെടൂ. ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകുകയുള്ളൂ,'' നരേന്ദ്ര മോദി പറഞ്ഞു.

മഹാമാരിയെക്കുറിച്ചുള്ള എല്ലാ വിഷയങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. എല്ലാവരും വാക്‌സിനേഷന്‍ എടുക്കണമെന്നും, കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വാക്‌സിനെടുക്കുന്നവര്‍ ബാഹുബലിയെ പോലെയാകുമെന്നും ഇതിനോടകം തന്നെ ഇന്ത്യയിലെ നാല്‍പത് കോടി ജനങ്ങള്‍ ബാഹുബലിയായെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സഭയില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ആര്‍.എസ്.പി എം.പി എന്‍.കെ പ്രമേചന്ദ്രനും കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷും അടിയന്തര അനുമതി നോട്ടീസ് തേടിയിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരുടെയും സുപ്രീം കോടതി ജഡ്ജിയുടേതും മാധ്യമ പ്രവര്‍ത്തകരുടേതും അഭിഭാഷകരുടേതുമുള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

No stories found.
The Cue
www.thecue.in