സിപിഐഎം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു, പ്രതിഷേധച്ചവര്‍ തോല്‍പ്പിക്കാനും ശ്രമിച്ചെന്ന് ജില്ലാ കമ്മിറ്റി

സിപിഐഎം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു, പ്രതിഷേധച്ചവര്‍ തോല്‍പ്പിക്കാനും ശ്രമിച്ചെന്ന് ജില്ലാ കമ്മിറ്റി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധവും വിമത നീക്കവും നടന്ന കുറ്റ്യാടിയില്‍ അച്ചടക്ക നടപടിയുമായി സിപിഐഎം. സിപിഐഎം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി സിപിഐഎം ജില്ലാ കമ്മിറ്റി നേതൃത്വം പിരിച്ചു വിട്ടു.

പരസ്യമായി പാര്‍ട്ടി വിരുദ്ധ പ്രകടനം നടത്തി, വോട്ട് ചോര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.പി ചന്ദ്രി, ടികെ മോഹന്‍ദാസ് എന്നിവരെയും പുറത്താക്കി. പ്രതിഷേധം തടയാത്തതില്‍ കുന്നുമ്മല്‍ ഏരിയ കമ്മിറ്റിയുടെ ചുമതലയുള്ളവരോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് നല്‍കാനായിരുന്നു സിപിഐം തീരുമാനിച്ചത്. തീരുമാനത്തിനെതിരെ കുറ്റ്യാടിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.

മണ്ഡലം കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കരുതെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. ചെങ്കൊടിയുടെ മാനം കാക്കാന്‍ എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം അണികള്‍ പരസ്യ പ്രതിഷേധം നടത്തിയത്. സിപിഐഎമ്മില്‍ പതിവില്ലാത്ത ഈ കാഴ്ച വലിയ ചര്‍ച്ചകള്‍ക്കും ഇടവെച്ചിരുന്നു.

നിലവില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്ക് വേണ്ടി രംഗത്തെത്തിയവര്‍ തന്നെ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാണ് ജില്ലാ കമ്മിറ്റി വിലയിരുത്തിയത്. കുറ്റ്യാടിയില്‍ മാസ്റ്റര്‍ക്ക് 42 വോട്ടുകളുടെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.

No stories found.
The Cue
www.thecue.in