ഹാഗിയ സോഫിയ ലേഖനം: വഷളാക്കിയത് ഇടതുപക്ഷക്കാര്‍; ക്രിസ്തീയ സമുദായത്തെ കുറ്റപ്പെടുത്തിയതല്ലെന്ന് സാദിഖലി തങ്ങള്‍

ഹാഗിയ സോഫിയ ലേഖനം: വഷളാക്കിയത് ഇടതുപക്ഷക്കാര്‍; ക്രിസ്തീയ സമുദായത്തെ കുറ്റപ്പെടുത്തിയതല്ലെന്ന്  സാദിഖലി തങ്ങള്‍

ഹാഗിയ സോഫിയ ലേഖനം ക്രിസ്തീയ സമുദായത്തെ കുറ്റപ്പെടുത്തി കൊണ്ട് എഴുതിയതല്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സത്യധാര മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഹാഗിയ സോഫിയ വിഷയത്തെക്കുറിച്ച് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചത്. ഇടതുപക്ഷക്കാരായ ചില സൈബര്‍ വക്താക്കളാണ് വിഷയം വഷളാക്കിയതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

''ഹാഗിയ സോഫിയ ലേഖനം ക്രിസ്തീയ സമുദായത്തെ കുറ്റപ്പെടുത്തി കൊണ്ട് എഴുതിയതല്ല. അവിടുത്തെ ചരിത്രം പറഞ്ഞെന്നേ ഉള്ളൂ. ഹാഗിയ സോഫിയ തന്നെ പലപ്പോഴും ചര്‍ച്ചും പള്ളിയുമൊക്കെയായിട്ടുണ്ട്. അത്താതുര്‍ക്ക് അതിനെ മ്യൂസിയമാക്കി മാറ്റി. ആ നടപടി റദ്ദ് ചെയ്ത് മ്യൂസിയത്തെ പള്ളിയാക്കാന്‍ അവിടുത്തെ കോടതിയാണ് പറഞ്ഞത്. അക്കാര്യം ലേഖനത്തില്‍ എടുത്തു പറയുക മാത്രമാണ് ചെയ്തത്. പക്ഷേ ഇതിനു പിന്നിലെ പ്രാദേശിക രാഷ്ട്രീയത്തെ മനസിലാക്കാന്‍ സാധിച്ചില്ല എന്നതാണ് വാസ്തവം. ഇടതുപക്ഷക്കാരായ ചില സൈബര്‍ വക്താക്കളാണ് ഇതിനെ വഷളാക്കിയത്. അങ്ങനെയാണ് ക്രിസ്ത്യാനികള്‍ പലരും തെറ്റിദ്ധരിച്ചത്. ക്രിസ്ത്യന്‍ വിഭാഗത്തോട് നമ്മള്‍ എതിരല്ല,'' സാദിഖലി ശിഹാബ് തങ്ങള്‍ അഭിമുഖത്തില്‍ പറയുന്നു.

ലേഖനത്തില്‍ പറഞ്ഞത്

യുനെസ്‌കോ പൈതൃക പട്ടികയിലുണ്ടായിരുന്ന ഹാഗിയ സോഫിയാ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയിലെഴുതിയ അയാസോഫിയയിലെ ജുമുഅ എ്ന്ന ലേഖനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

1453വരെ ക്രിസ്ത്യന്‍ പള്ളിയായിരുന്ന ഹാഗിയ സോഫിയ 1453 ല്‍ ഓട്ടോമന്‍ ഭരണകാലത്താണ് മുസ്ലിം പളളിയാക്കി മാറ്റിയത്. പിന്നീട് 1934ല്‍ മ്യൂസിയമാക്കി. ഹാഗിയ സോഫിയ പള്ളിയാക്കി തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗന്റെ പ്രഖ്യാപനത്തിനെതിരെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. യൂറോപ്യന്‍ യൂണിയനും പരസ്യമായി രംഗത്തുവന്നിരുന്നു.

ചരിത്രപരമായി സാധ്യതയില്ലാത്തിനാലാണ് ഹാഗിയ സോഫിയയില്‍ ക്രിസ്ത്യന്‍ രാഷ്ട്രീയ മത നേതാക്കള്‍ ഉടമസ്ഥാവകാശം ഉന്നയിക്കാത്തതെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു. അമേരിക്ക വിയോജിച്ചപ്പോഴും 25 ശതമാനം ഓര്‍ത്തഡോക്സ് വിശ്വാസികളുള്ള റഷ്യ തീരുമാനത്തിനെതിരെ രംഗത്തെത്താത്തത് അതുകൊണ്ടാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലിംങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ പോലും അനുവാദമില്ല. അവരുടെ മതേതര വാദം ഏകപക്ഷീയവും പൊള്ളയുമാണെന്നത് ഇതിലൂടെ തിരിച്ചറിയാം. ഓട്ടോമന്‍, മുസ്ലിം സ്പെയിന്‍ കാലത്ത് നിര്‍മ്മിക്കപ്പെട്ട 350 പള്ളികള്‍ ചര്‍ച്ചുകളും പള്ളികളായും ഉപയോഗിക്കുന്നവരാണ് രംഗത്ത് വന്നിരിക്കുന്നത്. കൊറോണ യൂറോപ്പിനെ പിടിച്ചുലച്ചപ്പോഴാണ് പല യൂറോപ്യന്‍ രാജ്യങ്ങളിലും ബാങ്ക് വിളിക്കാന്‍ അനുമതിയുണ്ടാത്.

ഈ വിഷയത്തില്‍ ശക്തമായി പ്രതികരിച്ച ഗ്രീസില്‍ മാത്രം 100 ഓളം പള്ളികള്‍ ചര്‍ച്ചുകളും ജയിലുകളുമായി മാറ്റിയെന്നതും തലസ്ഥാനമായ ഏതന്‍സില്‍, മുസ്ലിം വിശ്വാസികള്‍ വര്‍ഷങ്ങളായി മുറവിളികൂട്ടിയതിന്റെ ഫലമെന്നോണം മിനാരങ്ങളില്ലാത്ത ആദ്യത്തെ പള്ളിക്ക് അനുമതി നല്‍കിയത് കഴിഞ്ഞ വര്‍ഷം മാത്രം എന്നതും ഇരട്ടത്താപ്പ് നയമല്ലേ.

ഹാഗിയ സോഫിയയില്‍ 86 വര്‍ഷത്തിന് ശേഷമായിരുന്നു മുസ്ലിങ്ങള്‍ നമസ്‌കാരം നടത്തിയത്. മുസ്ലിം പള്ളിയാക്കി മാറ്റിയതിന് ശേഷമായിരുന്നു ജുമുഅ നമസ്‌കാരം. ഫാതിഷ് സുല്‍ത്താന്‍ മുഹമ്മദിന്റെ പേരിലുള്ള വഖ്ഫ് ഭൂമിയായി രജിസ്റ്റര്‍ ചെയ്തതെന്ന കാരണത്താലാണ് 1934ല്‍ ഹാഗിയ സോഫിയയെ മ്യൂസിയമാക്കി മാറ്റിയത്. ജസ്റ്റിനിയല്‍ രണ്ടാമന്‍ 537ല്‍ പണി കഴിപ്പിച്ച ഹാഗിയ സോഫിയ 900 വര്‍ഷം ക്രിസ്തീയ ദേവാലയവും 500 കൊല്ലം മസ്ജിദായും നിലനിന്നു. റോമന്‍, ബൈസാന്റിയന്‍, ഓട്ടോമന്‍ സാമ്രാജ്യങ്ങളുടെ ഭരണകേന്ദ്രമായിരുന്നു ഇത്. പൈതൃക കേന്ദ്രമാക്കി മാറ്റിയ ഹാഗിയ സോഫിയ 86 വര്‍ഷത്തിന് ശേഷമാണ് പള്ളിയായി പുനഃസ്ഥാപിച്ചത് തുടങ്ങിയ കാര്യങ്ങളായിരുന്നു ലേഖനത്തില്‍ പറഞ്ഞിരുന്നത്.

No stories found.
The Cue
www.thecue.in