റോയിറ്റേഴ്‌സ് ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കാണ്ഡഹാര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു

റോയിറ്റേഴ്‌സ് ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കാണ്ഡഹാര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖി കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹം സഞ്ചരിച്ചിരുന്ന കോണ്‍വോയി താലിബാന്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാന്‍ സേനയുമായി സ്പിന്‍ ബോള്‍ഡാക്കില്‍ താലിബാന്‍ ഏറ്റുമുട്ടിയെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി ശ്രമിക്കുന്നുണ്ട്. സംഘര്‍ഷം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതിനാല്‍ മൃതദേഹം കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ ഫോട്ടോജേണലിസ്റ്റാണ് ഡാനിഷ്. ടെലിവിഷന്‍ ജേണലിസത്തിലൂടെ മധ്യമപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം പിന്നീട് ഫോട്ടോജേണലിസത്തിലേക്ക് തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. റോയിട്ടേഴ്‌സ് ടീമിന്റെ ഭാഗമായി റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിനാണ് 2018ല്‍ ഡാനിഷിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ അദ്‌നാന്‍ അബീദിയ്ക്കും പുലിറ്റ്‌സര്‍ സമ്മാനം ലഭിക്കുന്നത്.

ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയില്‍ ലോകത്തിലെ ശ്രദ്ധേയമായ നിരവധി സംഭവങ്ങള്‍ ഡാനിഷ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഫ്ഗാന്‍, ഇറാഖ് യുദ്ധം, ഹോം കോങ് പ്രതിഷേധം, നേപ്പാള്‍ ഭൂകമ്പം തുടങ്ങിയ ഡാനിഷ് കവര്‍ ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണ്ഡഹാറിലെ സംഘര്‍ഷങ്ങള്‍ ഡാനിഷ് കവര്‍ ചെയ്തു വരികയായിരുന്നു. ഡാനിഷിന് ജര്‍മ്മന്‍കാരിയായ ഒരു ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്.

No stories found.
The Cue
www.thecue.in