തെലങ്കാനയിലെ അനുഭവം പറഞ്ഞാല്‍ കേരളത്തില്‍ ഒരു വ്യവസായി പോലും നിക്ഷേപം നടത്തില്ലെന്ന് സാബു ജേക്കബ്

തെലങ്കാനയിലെ അനുഭവം പറഞ്ഞാല്‍ കേരളത്തില്‍ ഒരു വ്യവസായി പോലും നിക്ഷേപം നടത്തില്ലെന്ന് സാബു ജേക്കബ്

കൊച്ചി: രാജകീയ സ്വീകരണമാണ് തെലങ്കാന സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തെലങ്കാനയിലെ നിക്ഷേപം സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു എം. ജേക്കബ്. നിക്ഷേപവുമായി ബന്ധപ്പെട്ട് തെലങ്കാന സര്‍ക്കാരുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം തിരിച്ചെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുന്നത്തുനാട് എം.എല്‍.എ പിവി ശ്രീനിജനെതിരെയും തിരിച്ചെത്തിയതിന് ശേഷം അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇപ്പോള്‍ സംഭവിച്ചതിനോടെല്ലാം കടപ്പാട് കുന്നത്തുനാട് എം.എല്‍.എയോടാണ്. ഇതോടൊപ്പം ഇതിനായി പ്രവര്‍ത്തിച്ച തൃക്കാക്കര, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, എറണാകുളം എംഎല്‍എമാരും ചാലക്കുടി എംപിയോടും നന്ദിയുണ്ട്. എന്താണ് വ്യവസായസൗഹൃദനയമെന്നും എങ്ങനെ ഒരു വ്യവസായിക്ക് കോടികള്‍ സമ്പാദിക്കാമെന്നും ഇവരാണ് എനിക്ക് മനസിലാക്കി തന്നത് എന്നും സാബു എം ജേക്കബ് പറഞ്ഞു.

''തെലങ്കാനയില്‍ എനിക്കുണ്ടായ അനുഭവവും എന്നോടുള്ള അവരുടെ സമീപനവും ഇവിടെ പറഞ്ഞാല്‍ കേരളത്തില്‍ ഒരു വ്യവസായി പോലും ഇനി നിക്ഷേപം നടത്തില്ല. മുഖ്യമന്ത്രിക്ക് എന്റെ മനസിലുള്ള ഒരു സ്ഥാനമുണ്ട്. അദ്ദേഹത്തിന് എന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ട്. അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാന്‍ ഞാനില്ല. ഞാനൊരു ബിസനസുകാരനാണ് അതിനെപ്പറ്റിയാണ് ഞാന്‍ സംസാരിക്കുന്നത്. എനിക്ക് നേരെയുള്ള രാഷ്ട്രീയമായ ആരോപണങ്ങളോട് രാഷ്ട്രീയ വേദിയില്‍ വച്ച് ഞാന്‍ മറുപടി പറയാം. എന്റെ ഈ യാത്ര കേരളത്തിലെ വ്യവസായികള്‍ക്കും മലയാളികള്‍ക്കും ഒരു മാതൃകയാണ്,'' സാബു എം ജേക്കബ് പറഞ്ഞു.

കേരളസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ വിരോധമില്ല. ഒരു യു.ഡി ക്ലര്‍ക്കുമായി പോലും ചര്‍ച്ച നടത്താന്‍ മടിയില്ല. പക്ഷേ അതിനുള്ള സാഹചര്യം ഉണ്ടായില്ല എന്നതാണ് സത്യം. നിലവില്‍ കേരളത്തില്‍ ഒരു രൂപ പോലും നിക്ഷേപം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കേരളത്തില്‍ വ്യവസായങ്ങള്‍ തുടരണോ എന്ന കാര്യത്തില്‍ പുനരാലോചന നടത്തും. എല്ലാം സഹിച്ച് ഇവിടെ പിടിച്ചു നിന്നത് ഇവിടെയുള്ള എന്റെ തൊഴിലാളികളെ ഓര്‍ത്താണ്. ഒരു സര്‍ക്കാര്‍ സംവിധാനം രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ നമ്മുക്ക് എന്തു ചെയ്യാനാവുമെന്നും സാബു എം ജേക്കബ് ചോദിച്ചു.

കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിളിച്ചു സംസാരിച്ചിരുന്നുവെന്നും കര്‍ണാടകയില്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം ക്ഷണിച്ചുവെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു. കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാനും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആലോചന നടത്തി അദ്ദേഹത്തിന് മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് തെലങ്കാന സര്‍ക്കാരുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം കിറ്റക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു എം ജേക്കബും സംഘവും തിരിച്ചെത്തി.

No stories found.
The Cue
www.thecue.in