സുജിത് ഭക്തനൊപ്പമുള്ള എം.പിയുടെ ഇടമലക്കുടി യാത്ര വിവാദത്തില്‍, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഉല്ലാസയാത്രയെന്ന് പരാതി

സുജിത് ഭക്തനൊപ്പമുള്ള എം.പിയുടെ ഇടമലക്കുടി യാത്ര വിവാദത്തില്‍, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഉല്ലാസയാത്രയെന്ന് പരാതി

ഒന്നരവര്‍ഷമായി കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമമാണ് ഇടമലക്കുടി. ഇടമലക്കുടിയിലേക്ക് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് വ്‌ലോഗര്‍ സുജിത് ഭക്തനൊപ്പം നടത്തിയ യാത്രയും ട്രാവല്‍ വ്‌ലോഗും വിവാദത്തില്‍.

കൊവിഡ് മാനദണ്ഡം പാലിക്കാതെ ഇടമലക്കുടി പോലെ അതീവ പ്രാധാന്യമുള്ള പ്രദേശത്തേക്ക് എം.പി ഉല്ലാസയാത്ര നടത്തിയെന്ന് സിപിഐ ആരോപിക്കുന്നു. ഇടുക്കി എം.പിക്കും വ്‌ലോഗര്‍ സുജിത് ഭക്തനും എതിരെ നടപടി ആവശ്യപ്പെട്ട് എഐഎസ്എഫ് പൊലീസിലും പരാതി നല്‍കി. മാസ്‌ക് ധരിക്കാതെ എം.പി ഡീന്‍ കുര്യാക്കോസും സംഘവും സുജിത് ഭക്തനൊപ്പം ഇടമലക്കുടിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സുജിത് ഭക്തന്‍
സുജിത് ഭക്തന്‍

കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ആദിവാസി ഗ്രാമത്തിലേക്ക് പരിശോധന നടത്താതെയും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും എം.പി യാത്ര നടത്തിയതില്‍ അന്വേഷണം വേണമെന്ന് സിപിഐ പ്രാദേശിക നേതൃത്വവും ആവശ്യപ്പെട്ടു. എം.പിക്കൊപ്പം ഉല്ലാസയാത്രയെന്നാണ് സുജിത് ഭക്തന്‍ ടെക് ട്രാവല്‍ ഈറ്റ് എന്ന വ്‌ലോഗില്‍ ആദ്യം തലക്കെട്ട് നല്‍കിയതെന്നും വിവാദമായതോടെ തലക്കെട്ട് മാറ്റിയെന്നും ഇവര്‍ ആരോപിക്കുന്നു.

സുജിത് ഭക്തന്‍ വിവാദങ്ങള്‍ക്ക് കമന്റില്‍ നല്‍കിയ മറുപടി

പോസ്റ്റ് കണ്ട് ആര്‍ക്കും കുരു പൊട്ടണ്ടാ, ഞങ്ങള്‍ പോയത് വിനോദയാത്രക്കല്ല. കേരളത്തില്‍ ഇപ്പോള്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്ന ഏക സ്‌കൂളാണ് ഈ ഗ്രാമത്തിലുള്ളത്. ആ സ്‌കൂളിലേക്ക് ടി വി, മറ്റുപകരണങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പ് ആയി നല്‍കിയും സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനത്തിനുമായിട്ടാണ് ഞങ്ങള്‍ സ്ഥലം എംപിയുമായി അവിടെ പോയത്. വിശദമായ കാര്യങ്ങള്‍ നാളെ വീഡിയോയില്‍ കാണാം. 135 കുട്ടികള്‍ക്ക് ഇവിടെ ആകെയുള്ളത് 4 ക്ലാസ് മുറികളാണ്. ഒരു മുറിയില്‍ മൂന്നും നാലും ക്ലാസുകള്‍ നടക്കുന്നു. ഇടമലക്കുടിയെ അത്രയ്ക്ക് ഇഷ്ടപെടുന്നവര്‍ ഉണ്ടെങ്കില്‍ അവിടെ ഒരു സ്‌കൂള്‍ കെട്ടിടം പണിത് നല്‍കാന്‍ തയ്യാറെടുക്കൂ

ഡീന്‍ കുര്യാക്കോസിനും സുജിത് ഭക്തനും എതിരെ കേസെടുക്കണം

ഇടമലക്കുടി പഞ്ചായത്തില്‍ കൊവിഡ് പടരാതിരിക്കാന്‍ ഒന്നരമാസത്തേക്ക് നിരോധനാജ്ഞ തന്നെ പ്രഖ്യാപിച്ചിരുന്നു. അങ്ങനെ ഒരു സ്ഥലത്തേക്കാണ് വ്‌ലോഗര്‍ക്കൊപ്പം എം.പി സന്ദര്‍ശനം നടത്തിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ചും മാസ്‌ക് ധരിക്കാതെയുമാണ് ഇവരെല്ലാം എത്തിയത്. ഈ വ്‌ലോഗര്‍ നിരോധിത മേഖലയായ നേര്യമംഗലത്ത് പ്രവേശിച്ചതിന് കേസ് എടുക്കപ്പെട്ട ആളാണ്. വ്‌ലോഗറുടെ പേരിലും എം.പിയുടെ പേരിലും കേസെടുക്കണമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

സുജിത് ഭക്തന്‍ നല്‍കിയ മറുപടി

ഇടുക്കി എം പി ആയ ശ്രീ ഡീൻ കുരിയാക്കൊസിന്റെ ഒപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിലും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റേത് എന്നെഴുതിയ ജീപ്പിലുമായി ഞങ്ങൾ ആറുപേർ കഴിഞ്ഞ ഞായറാഴ്ച ഇടമലക്കുടി എന്ന ട്രൈബൽ വില്ലേജിലേക്ക് പോയി. അവിടുത്തെ സ്‌കൂളിൽ 135 കുട്ടികളാണ് പഠിക്കുന്നത്. ഈ 135 കുട്ടികൾക്ക് പഠിക്കാനായി അവിടെ ആകെയുള്ളത് 4 ക്ലാസ് മുറികളാണ്. ഒരു ക്ലാസ് മുറിയിൽ മൂന്നും നാലും ക്ളാസുകൾ ഒരേ സമയം നടത്തുന്നു. ക്ലാസ് മുറിയിൽ തന്നെ അവിടുത്തെ അധ്യാപകർ കുട്ടികൾക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നു, താമസിക്കാൻ സ്ഥലമില്ലാത്ത് കൊണ്ട് അവർ ഓഫീസ് റൂമിൽ കിടന്നുറങ്ങുന്നു. ഇന്റർനെറ്റും ഫോണും ഒന്നുമില്ലാത്ത കാട്ടിനുള്ളിലെ ഈ ഗ്രാമത്തിലെ ആദിവാസി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്നത് അത്യധികം പ്രധാനം നൽകേണ്ട ഒരു കാര്യമാണ്. ആ സ്‌കൂളിലേക്ക് ടി വി അനുബന്ധ ഉപകരണങ്ങൾ എം പി ഇടപെട്ട് ഞങ്ങൾ നൽകുകയും, സ്‌കൂളിന്റെ മുഖം തന്നെ മാറ്റുന്ന തരത്തിൽ കലാകാരന്മാരെ കൊണ്ടുവന്ന് സ്‌കൂൾ മോഡി പിടിപ്പിക്കുകയും ചെയ്തിരുന്നു. അവർ അവിടുത്തെ കുട്ടികൾക്ക് ക്ളാസുകൾ വരെ എടുത്തിരുന്നു. എം പി യോടൊപ്പം അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഞാൻ അവിടെ പോകുന്നതും അവിടുത്തെ ഈ ദുരവസ്ഥ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനായി ഒരു വീഡിയോ തയ്യാറാക്കി ഇട്ടത്. അതിന്റെ രാഷ്ട്രീയവൽക്കരിച്ച് സുജിത് ഭക്തൻ ഒരു തീവ്രവാദി ആണെന്ന് പോലും പറയുന്ന ആളുകളോട് ഒരു വാക്ക് ചോദിക്കട്ടെ.

എന്തുകൊണ്ട് നിങ്ങൾ അവിടെ പോയി ഇതൊന്നും ചെയ്തില്ല?

അവിടെയുള്ള കുട്ടികൾക്ക് ഇരുന്ന് പഠിക്കാൻ നല്ല ക്ലാസ് മുറികൾ പണിത് നൽകാമോ?

അവിടേക്കുള്ള റോഡ് പണിയാൻ മുൻ കൈ എടുക്കാമോ?അവിടെയുള്ള അധ്യാപകർക്ക് കുറച്ച് സഹായം ചെയ്ത് കൊടുക്കാമോ?

അവിടെയുള്ള കുട്ടികൾ നാലാം ക്ലാസ് കഴിഞ്ഞാൽ എവിടെ പോയി പഠിക്കണം?

അധ്യാപകരാണ് കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കി നൽകുന്നത്. കുക്ക് എവിടെ?

135 കുട്ടികൾക്ക് എത്ര അധ്യപകർ ഉണ്ടെന്ന് അന്വേഷിച്ചിട്ടുണ്ടോ?

ആരെങ്കിലും എന്തെങ്കിലും നല്ലത് ചെയ്യുമ്പോ അതിൽ രാഷ്ട്രീയം മാത്രം കണ്ടു ചൊറിയാതെ, അവരെ സഹായിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യൂ. അപ്പോഴും ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാകും. വിവാദ വീഡിയോ കാണാത്തവർ ദയവായി കണ്ടതിന് ശേഷം മാത്രം അഭിപ്രായങ്ങൾ പറയുക. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഞങ്ങൾ അവിടെ പോയി വന്നതും. അതും തികച്ചും സ്ഥലം എം പിയുടെ ഒരു ഔദ്യോഗിക പരിപാടി.

മുമ്പ് എറണാകുളം ജില്ലയിലെ നേര്യമംഗലം റേഞ്ചിലും പൂയംകുട്ടി റേഞ്ചിലും അനുവാദം വാങ്ങാതെ വീഡിയോ ചിത്രീകരണം നടത്തിയതിന് സുജിത് ഭക്തനെതിരെ കേസെടുത്തിരുന്നു. ഇഞ്ചത്തോട് വനമേഖല, പൂയംകുട്ടി വനമേഖലയിലെ സംരക്ഷിത മേഖല എന്നിവിടങ്ങളില്‍ സാഹസിക യാത്ര നടത്തുന്നത് വീഡിയോയില്‍ ചിത്രീകരിച്ചതാണ് വിവാദമായത്.

Related Stories

No stories found.
logo
The Cue
www.thecue.in