കണ്ണ് നനഞ്ഞു കൊണ്ടല്ലാതെ ആനിയുടെ ജീവിത കഥ വായിക്കാനാവില്ല; അഭിനന്ദനവുമായി കെ കെ രമ

കണ്ണ് നനഞ്ഞു കൊണ്ടല്ലാതെ ആനിയുടെ ജീവിത കഥ വായിക്കാനാവില്ല; അഭിനന്ദനവുമായി കെ കെ രമ

ജീവിത പ്രതിസന്ധികളെ അതിജീവിച്ച് വർക്കല പോലീസ് സ്റ്റേഷനിൽ സബ്ബ് ഇൻസ്പക്ടർ ആയി ചുമതലയേറ്റ ആനി ശിവയെ അഭിനന്ദിച്ച് കെ കെ രമ. കണ്ണ് നനഞ്ഞു കൊണ്ടല്ലാതെ ആനി ശിവയുടെ ജീവിതകഥ വായിക്കാനാവില്ലെന്ന് കെ കെ രമ. ജീവിക്കുവാൻ വേണ്ടി നാരങ്ങാ വെള്ളവും ഐസ്ക്രീമും ഒക്കെ വിറ്റു നടന്നിരുന്ന അതേ വർക്കലയിൽ നിയമപാലനത്തിനായി അവൾ നിയോഗിക്കപ്പെട്ടപ്പോൾ “അതിൽ കൂടുതൽ എങ്ങനെയാണ് ഞാനെന്റെ ഇന്നലെകളോട് പ്രതികാരം ചെയേണ്ടത് ” എന്ന ആനിയുടെ ആത്മവിശ്വാസം മാതൃകാപരമാണ്. ഇരുളിൻ മറവിൽ സ്ത്രീകളെ ഭീഷണിപ്പെടുത്തിയോ വൈകാരികമായി ചൂഷണം ചെയ്തോ സ്വന്തം ഇംഗിതത്തിന് വിധേയമാക്കാൻ ശ്രമിക്കുന്നവരും ഏറെയുണ്ട്. ഇത്തരമൊരു സാഹചര്യമാണ് സ്ത്രീയെന്ന അസ്തിത്വം മറച്ചു പിടിച്ച് സ്വന്തം മകന്റെ ചേട്ടനെന്ന നിലയിൽ പൊതു സമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടാൻ ആനി നിർബന്ധിതയായത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കണ്ണ് നനഞ്ഞു കൊണ്ടല്ലാതെ വർക്കല പോലീസ് സ്റ്റേഷനിൽ സബ്ബ് ഇൻസ്പക്ടർ ആയി ചുമതലയേറ്റ ആനി ശിവയുടെ ജീവിതകഥ വായിക്കാനാവില്ല. പ്രണയത്തിന്റെ പേരിൽ വീട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ട് , വിശ്വസിച്ചിറങ്ങി വന്ന പുരുഷനാൽ ഉപേക്ഷിക്കപ്പെട്ട്, പത്തൊൻപതാം വയസ്സിൽ ഒരു കുഞ്ഞുമായി തെരുവിലേക്കിറങ്ങേണ്ടി വന്ന പെൺകുട്ടി പ്രതികൂല സാഹചര്യങ്ങളോട് സമരം ചെയ്ത് ഒരു ഉന്നത പദവിയിൽ എത്തിച്ചേർന്ന സമാനതകളില്ലാത്ത അതിജീവന കഥയാണത്.

ജീവിക്കുവാൻ വേണ്ടി നാരങ്ങാ വെള്ളവും ഐസ്ക്രീമും ഒക്കെ വിറ്റു നടന്നിരുന്ന അതേ വർക്കലയിൽ നിയമപാലനത്തിനായി അവൾ നിയോഗിക്കപ്പെട്ടപ്പോൾ “അതിൽ കൂടുതൽ എങ്ങനെയാണ് ഞാനെന്റെ ഇന്നലെകളോട് പ്രതികാരം ചെയേണ്ടത് ” എന്ന ആനിയുടെ ആത്മവിശ്വാസം മാതൃകാപരമാണ്.

പലവിധ സാഹചര്യങ്ങളാൽ തനിച്ചു ജീവിക്കുന്ന ഒരു സ്ത്രീയോട് നമ്മുടെ പുരുഷാധിപത്യ പൊതുബോധം പലപ്പോഴും ദയാരഹിതമായാണ് പെരുമാറുന്നത്. അവളുടെ ഉടുപ്പും നടപ്പുമെല്ലാം സദാചാര ഗുണ്ടായിസത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഒട്ടും കുറവല്ല നമ്മുടെ നാട്ടിൽ. ഇരുളിൻ മറവിൽ അത്തരം സ്ത്രീകളെ ഭീഷണിപ്പെടുത്തിയോ വൈകാരികമായി ചൂഷണം ചെയ്തോ സ്വന്തം ഇംഗിതത്തിന് വിധേയമാക്കാൻ ശ്രമിക്കുന്നവരും ഏറെയുണ്ട്. ഇത്തരമൊരു സാഹചര്യമാണ് സ്ത്രീയെന്ന അസ്തിത്വം മറച്ചു പിടിച്ച് സ്വന്തം മകന്റെ ചേട്ടനെന്ന നിലയിൽ പൊതു സമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെടാൻ ആനി നിർബന്ധിതയായത്.

ഒറ്റപ്പെട്ടു പോവുന്ന മനുഷ്യരുടെ പ്രശ്നങ്ങളോട് താദാത്മ്യപ്പെടാനും കരുണാപൂർവ്വം പെരുമാറാനും നാം ശീലിക്കേണ്ടതിന്റെ പാഠങ്ങൾ കൂടി നമ്മെ പഠിപ്പിക്കുന്നുണ്ട് , ആനിയുടെ ജീവിതം. പഠനത്തിലും ജീവിതം കരുപ്പിടിപ്പിക്കുന്നതിലും നിരുപാധിക പിന്തുണ നൽകിയ ഒരു പ്രിയ സുഹൃത്തിനെപ്പറ്റിയും ആനി എഴുതിക്കണ്ടു. അത്തരം മനുഷ്യരെക്കുറിച്ചുള്ള അറിവുകൾ ഏറെ ആശ്വാസവും ആഹ്ലാദവും പകരുന്നതു തന്നെയാണ്.

ദാരിദ്ര്യവും ലിംഗ വിവേചനവും സാമൂഹ്യമായ ഒറ്റപ്പെടലും അനുഭവിച്ച , അദ്ധ്വാനത്തിന്റെ മാഹാത്മ്യം മനസ്സിലാക്കിയ ഒരാൾ പോലീസ് ഉദ്യോഗസ്ഥ എന്ന പദവിയിൽ എത്തുന്നത് പലനിലകളിൽ പ്രധാനമാണ്. വ്യത്യസ്ത സാമൂഹ്യ ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തം ജനാധിപത്യത്തിന്റെ പൂർണ്ണതയ്ക്ക് അനിവാര്യമാണ്.

സബ് ഇൻസ്പെക്ടർ ആനി ശിവയ്ക്ക് സ്നേഹാശംസകൾ

Related Stories

No stories found.
logo
The Cue
www.thecue.in