സംഘടാനാ രംഗത്തും പ്രായപരിധി ശക്തമായി നടപ്പിലാക്കാന്‍ സിപിഐഎം; വനിതാ പ്രാതിനിധ്യത്തിനും മുന്‍ഗണന

സംഘടാനാ രംഗത്തും പ്രായപരിധി ശക്തമായി നടപ്പിലാക്കാന്‍ സിപിഐഎം; വനിതാ പ്രാതിനിധ്യത്തിനും മുന്‍ഗണന

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ടേം വ്യവസ്ഥകള്‍ ശക്തിപ്പെടുത്തിയതിന് പിന്നാലെ സംഘടനാ രംഗത്തും പ്രായപരിധി ശക്തമായി നടപ്പിലാക്കാന്‍ സിപിഐഎം. ഏരിയാ കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റിവരെ പ്രായപരിധി ശക്തമായി നടപ്പിലാക്കാനാണ് ആലോചന.

കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയേക്കും. കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തുന്നതിലും മാര്‍ഗനിര്‍ദേശം കൊണ്ടുവരും.

കഴിഞ്ഞ സമ്മേളനത്തില്‍ സിപിഐം പ്രായപരിധി കൊണ്ടുവന്നിരുന്നെങ്കിലും ചില നേതാക്കള്‍ക്ക് ഇളവുകള്‍ നല്‍കുകയായിരുന്നു. സെക്രട്ടറിമാര്‍ക്ക് മുന്ന് ടേം കാലാവധിയില്‍ മാറ്റമുണ്ടാകില്ല.

പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെയുള്ള നേതൃത്വ പ്രതിസന്ധികളെ കണക്കിലെടുത്താണ് യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് സിപിഐഎം തീരുമാനിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും പാര്‍ട്ടി ഇളവുകള്‍ നല്‍കിയിരുന്നില്ല.

മന്ത്രിമാരാകുന്നതിലും ടേം വ്യവസ്ഥകള്‍ ശക്തമായി പാലിക്കുന്നതിന്റെ ഭാഗമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കും രണ്ടാമത് മന്ത്രി സ്ഥാനം നല്‍കിയിരുന്നില്ല. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഇളവ് നല്‍കിയത്.

Related Stories

No stories found.
The Cue
www.thecue.in