പാര്‍ലമെന്റ് മെമ്പര്‍ക്ക് കേരളത്തില്‍ ഇതാണ് ഗതി എങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്താവും, രമ്യാ ഹരിദാസിന് പിന്തുണയുമായി ഉണ്ണിത്താന്‍

പാര്‍ലമെന്റ് മെമ്പര്‍ക്ക് കേരളത്തില്‍ ഇതാണ് ഗതി എങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്താവും, രമ്യാ ഹരിദാസിന് പിന്തുണയുമായി ഉണ്ണിത്താന്‍

വധഭീഷണി മുഴക്കിയ അക്രമികള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പിക്ക് റോഡില്‍ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് നാണക്കേടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. വനിതാ മതില്‍ ഉയര്‍ത്തി സ്ത്രീകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നു എന്നു മേനി നടിച്ചവര്‍, സ്ത്രീ ശാക്തീകരണത്തിന്റെ പഴകിപ്പുളിച്ച കഥകള്‍ വിളമ്പുന്നവര്‍ , അവരുടേത് വെറും വാചകക്കസര്‍ത്ത് മാത്രമാണ് എന്ന് കേരളം മനസ്സിലാക്കുന്നുവെന്നും ഉണ്ണിത്താന്‍.

സിപിഎം നേതാക്കളുടെ നേതൃത്വത്തിലുണ്ടായ വധഭീഷണിയിൽ ​ഗവർണർക്ക് പരാതി നൽകുമെന്ന് എംപി രമ്യാ ഹരിദാസ്. രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് പരാതി നൽകും. ദേശീയ മനുഷ്യാവകാശ കമ്മീഷനേയും പരാതിയുമായി സമീപിക്കുമെന്നും രമ്യ ഹരിദാസ്

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വാക്കുകള്‍

ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധിയെ തന്റെ മണ്ഡലത്തിലെ പ്രദേശങ്ങളില്‍ പ്രവേശിപ്പിക്കില്ല എന്നുപറയാന്‍ ആര്‍ക്കാണ് അവകാശം?

ഇത് കേരളമാണ്, പ്രബുദ്ധരായ ജനത ഇത്തരം ഫാസിസ്റ്റ് ആക്രോശങ്ങളെ പുച്ഛിച്ച് തള്ളിക്കളയും എന്നതില്‍ തര്‍ക്കമില്ല.

ശക്തമായി പ്രതിഷേധിക്കുന്നു. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചാണ് സി.പി.എമ്മുകാര്‍ ഭീഷണിപ്പെടുത്തിയത് എന്നത് സാംസ്‌കാരിക കേരളത്തെ ഞെട്ടിക്കുന്നു. ഒരു പാര്‍ലമെന്റ് മെമ്പര്‍ക്ക് ഇതാണ് ഗതി എങ്കില്‍ ഒരു സാധാരണക്കാരന്റെ സ്ഥിതി എന്താവും?

സിപിഎം ഗുണ്ടകള്‍ക്ക് സല്യൂട്ട് അടിക്കുന്ന നിയമപാലകര്‍ നാടിനാകെ അപമാനമാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആലത്തൂരിനെ പ്രതിനിധീകരിക്കുന്ന രമ്യ ഹരിദാസ് തലയെടുപ്പോടെ, ജനങ്ങള്‍ക്കൊപ്പം അവിടെ എന്നുമുണ്ടാകും. വിരട്ടലും വെല്ലുവിളിയും വേണ്ട , ഇത് കേരളമാണ്. മറക്കരുത്.

ആലത്തൂരില്‍ കയറിയാല്‍ കാല് വെട്ടുമെന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഭീഷണിപ്പെടുത്തിയതായി രമ്യ ഹരിദാസ് എം.പി പൊലീസില്‍ പരാതിപ്പെട്ടിരുന്നു

രമ്യാ ഹരിദാസിന്റെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് ആലത്തൂരിലെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകര്‍മസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാന്‍ ചെന്ന തന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാല്‍ അറയ്ക്കുന്ന തെറിയാണെന്നും സാമൂഹ്യ സന്നദ്ധ സേവനത്തിന് നല്‍കിയ പേരാണത്രേ പട്ടി ഷോയെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

കാലു വെട്ടുമെന്ന് പറഞ്ഞെന്നത് രമ്യ പറഞ്ഞ നുണയാണെന്നാണ് പ്രാദേശിക സിപിഎം നേതാക്കളുടെ വാദം. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രണ്ടു ദിവസമായി പഞ്ചായത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെ ഉച്ചയ്ക്ക് രമ്യ ഹരിദാസും സ്ഥലത്തെത്തി. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ഹരിതസേന അംഗങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ സാമൂഹികഅകലം പാലിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ പറഞ്ഞു. വാര്‍ഡ് അംഗമായ നജീബും ഇത് തന്നെ ആവര്‍ത്തിച്ചു. തുടര്‍ന്ന് വണ്ടി കയറിയ രമ്യ തിരിച്ചിറങ്ങി നജീബിനോട് കയര്‍ത്ത് സംസാരിക്കുകയായിരുന്നു. പ്രശസ്തിക്ക് വേണ്ടി ചീപ്പ് പരിപാടിയാണ് രമ്യ കാണിക്കുന്നത്. തുടര്‍ച്ചയായി സിപിഐഎമ്മിനെതിരെ നുണകഥകള്‍ പ്രചരിപ്പിക്കുന്ന രീതിയാണ് രമ്യ സ്വീകരിക്കുന്നത്. രമ്യ സ്വന്തമായി പ്രശ്‌നങ്ങളാക്കും. പിന്നെ ഇരവാദം ഉന്നയിച്ച് മറ്റുള്ളവരെ വേട്ടക്കാരാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും വാര്‍ഡ് അംഗം എം എ നാസര്‍.

The Cue
www.thecue.in