ജോലിയോ വരുമാനമോ ഇല്ലാതെ അക്ഷരയും അനന്ദുവും കുടുംബവും, 18 കൊല്ലത്തിനിപ്പുറവും അവഗണനയും ഒറ്റപ്പെടുത്തലും

ജോലിയോ വരുമാനമോ ഇല്ലാതെ അക്ഷരയും അനന്ദുവും കുടുംബവും, 18 കൊല്ലത്തിനിപ്പുറവും അവഗണനയും ഒറ്റപ്പെടുത്തലും

പതിനെട്ട് വര്‍ഷത്തിനിപ്പുറവും സമൂഹം ഒറ്റപ്പെടുത്തുന്നതിന്റെ പേരില്‍ ജോലിയും വരുമനവും ഇല്ലാതെ എച്ച്.ഐ.വി ബാധിതരായ കുടുംബം. കേരളം ഏറെ ചര്‍ച്ച ചെയ്ത അക്ഷരയുടെയും അനന്ദുവിന്റെയും കുടുംബമാണ് വിവേചനം മൂലം കണ്ണൂര്‍ കൊട്ടിയൂരിലെ വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുന്നത്.

കൊട്ടിയൂര്‍ അമ്പലക്കുന്നില്‍ താമസിക്കുന്ന രമയുടെ ഭര്‍ത്താവ് 2003ല്‍ എയ്ഡ്‌സ് ബാധിതനായി മരിച്ചതിന് പിന്നാലെ മക്കളായ അനന്തുവിനും അക്ഷരയ്ക്കും സ്‌കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. കൊട്ടിയൂര്‍ ശ്രീനാരായണ സ്‌കൂളിലെ കുട്ടികളും രക്ഷാകര്‍ത്താക്കളും എച്ച് ഐ വി ബാധിതരായ അനന്ദുവിനെയും അക്ഷരയെയും സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യമുയര്‍ത്തി പ്ലക്കാര്‍ഡുമായി റോഡിലിറങ്ങിയതിന് പിന്നാലെയാണ് അക്ഷരയും അനന്ദുവും കുടുംബവും നേരിട്ട ഊരുവിലക്കും വിവേചനവും കേരളത്തില്‍ ചര്‍ച്ചയായത്. രണ്ടാം ക്ലാസുകാരി അക്ഷരക്കും ഒന്നാം ക്ലാസുകാരന്‍ അനന്ദുവിനുമൊപ്പം അമ്മ രമ സെക്രട്ടറിയറ്റ് പടിക്കല്‍ നടത്തിയ സമരത്തിന് പിന്നാലെ കുട്ടികള്‍ക്ക് പഠനത്തിനുള്ള സൗകര്യമൊരുങ്ങി.

ബി കോം പാസായ അനന്ദുവിന് കൊവിഡ് പ്രതിസന്ധി മൂലം ജോലിയില്ല, സൈക്കോളജിയില്‍ ബിരുദം നേടിയ അക്ഷരക്ക് എം.എക്ക് ചേരാന്‍ പണമില്ലെന്ന് കുടുംബം. എച്ച് ഐ വി ബാധിതരെന്നതിനാല്‍ ജോലി നിഷേധിക്കുകയാണെന്നും കുടുംബം. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂത്തമകള്‍ എം.ടെക്. ബയോടെക്‌നോളജി ബിരുദാനന്തരബിരുദവും നേടി. 2017-ല്‍ എം.ടെക്. പാസായി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ അഭിമുഖത്തില്‍ സെലക്ഷന്‍ ലിസ്റ്റില്‍ ഒന്നാമതുണ്ടായിരുന്നു. പക്ഷേ, ജോലി ലഭിച്ചില്ലെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. . മറ്റു പല സ്ഥലങ്ങളിലും സമാന അനുഭവം. ഒടുവില്‍ കഴിഞ്ഞവര്‍ഷം പി.എസ്.സി., ബാങ്ക് കോച്ചിങ്ങിന് പോയിത്തുടങ്ങി. ''മത്സരപരീക്ഷകള്‍ വഴിയാകുമ്പോള്‍ ജോലിയില്‍ എച്ച്.ഐ.വി. ബാധിതരുടെ കുടുംബത്തില്‍ നിന്നെന്ന കാരണത്താല്‍ ഒഴിവാക്കില്ലല്ലോ എന്നാണ് മൂത്തമകള്‍ പറയുന്നത്.

വാര്‍ത്ത വന്നതില്‍ പിന്നെയാണ് എം.എല്‍.എ വീട്ടില്‍ വന്നത്. പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് മെംബറെയുമൊക്കെ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഞങ്ങള്‍ കണ്ടത്. നൂറ് ശതമാനം സാക്ഷരത കൊണ്ട് ഞങ്ങളോടുള്ള വിവേചനം അവസാനിക്കുമെന്ന് തോന്നുന്നില്ല.
അക്ഷര

വെല്ലുവിളികളെ അതിജീവിച്ചവളെന്നും പ്രതിസന്ധികളെ വിജയിച്ചവരെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ പോലും വെറുത്ത് തുടങ്ങിയെന്ന് പറയുന്നു അക്ഷര ഏഷ്യാനെറ്റ് ന്യൂസിനോട്. അത്രയേറെ വിവേചനമാണ് പഠന കാലത്ത് നേരിട്ടത്. ഹോസ്റ്റലില്‍ നിന്ന് മാറി താമസിക്കേണ്ടി വന്നു. പകരം കണ്ടു പിടിച്ച താമസ സ്ഥലം ഓള്‍ഡ് ഏജ് ഹോം. ഡെലിവറി ഏജന്റായും ബംഗളൂരുവില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുമായി ജോലി ചെയ്‌തെങ്കിലും കൊവിഡ് വന്നതോടെ അതും മുടങ്ങിയെന്ന് അനന്തു. ആരുടെ മുന്നിലും കൈനീട്ടാതെ ആത്മാഭിനമുള്ള ജോലിയാണ് പ്രതീക്ഷിക്കുന്നതെന്ന് കുടുംബം പറയുന്നു. 2013ല്‍ നടന്‍ സുരേഷ് ഗോപി അക്ഷരയെയും അനന്ദുവിനെയും സന്ദര്‍ശിച്ചിരുന്നു.

മുഖ്യമന്ത്രിയും ബന്ധപ്പെട്ട അധികൃതരും ഇടപെടുമെന്ന പ്രതീക്ഷയിലാണ് രമയും കുടുംബവും.

The Cue
www.thecue.in